റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയില്‍ ചരിത്രം കുറിച്ച് ബ്രഹ്‌മോസ് മിസൈലുകള്‍. ലോകവിപണിയില്‍ ബ്രഹ്‌മോസിന് വന്‍ ഡിമാന്‍ഡാണുള്ളതെന്നും, മിസൈല്‍ കയറ്റുമതി 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5760 കോടി രൂപ) കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് വ്യക്തമാക്കി.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി യുദ്ധമുഖത്ത് ബ്രഹ്‌മോസ് അതിന്റെ മികവ് തെളിയിച്ചതാണെന്നും, സുഖോയ് വിമാനങ്ങളില്‍ നിന്നുള്ള എയര്‍-ലോഞ്ച് പതിപ്പ് വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ഈ സ്ട്രാറ്റജിക് സിസ്റ്റത്തിന് വിപണിയില്‍ വന്‍ സാധ്യതകളാണുള്ളതെന്നും, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ നെടുംതൂണായി ബ്രഹ്‌മോസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരൊക്കെയാണ് ബ്രഹ്‌മോസ് വാങ്ങുന്നത്?
ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ മൂന്ന് രാജ്യങ്ങളുമായാണ് ഇന്ത്യ പ്രധാനമായും ബ്രഹ്‌മോസ് കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഫിലിപ്പീന്‍സ്: 2022-ല്‍ ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീന്‍സ് മാറി. 330 മില്യണ്‍ ഡോളറിന്റെ (3168 കോടി രൂപ) മിസൈലുകള്‍ ഇന്ത്യ അവര്‍ക്ക് കൈമാറിക്കഴിഞ്ഞു.

വിയറ്റ്‌നാം: ഈ വര്‍ഷം മെയ് മാസത്തിലാണ് വിയറ്റ്‌നാമുമായി കരാറിലെത്തിയത്. തുടക്കത്തില്‍ 100 മില്യണ്‍ ഡോളറിന്റെ (960 കോടി രൂപ) കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്.

ഇന്തോനേഷ്യ: ബ്രഹ്‌മോസിനൊപ്പം അസ്ത്ര മിസൈലുകളും ഇന്ത്യ ഇന്തോനേഷ്യയ്ക്ക് നല്‍കും. ഏകദേശം 200 മില്യണ്‍ ഡോളറിന്റെ (1920 കോടി രൂപ) ഇടപാടാണിത്. ഇന്‍ഡോ- പസഫിക് മേഖലയിലെ മൂന്നാമത്തെ വലിയ കരാറാണിത്.

യു.എ.ഇ ഉള്‍പ്പെടെ മറ്റ് അര ഡസനോളം രാജ്യങ്ങളും ബ്രഹ്‌മോസ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്.

എന്തുകൊണ്ട് ബ്രഹ്‌മോസിന് ഇത്ര ഡിമാന്‍ഡ്?
ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച് ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിലൊന്നാണിത്. കര, കടല്‍, ആകാശം എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇത് വിക്ഷേപിക്കാന്‍ സാധിക്കും.

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം വര്‍ദ്ധിക്കുന്നതാണ് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളെ ബ്രഹ്‌മോസ് വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കപ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നാവികസേനയുടെ കരുത്ത് കുറഞ്ഞ ഈ രാജ്യങ്ങള്‍ക്ക് ബ്രഹ്‌മോസ് വലിയൊരു മുതല്‍ക്കൂട്ടാണ്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിലെ കുതിപ്പ്
ബ്രഹ്‌മോസിന് പുറമെ ആര്‍ട്ടിലറി ഗണ്ണുകള്‍, ഡി.ആര്‍.ഡി.ഒ സാങ്കേതികവിദ്യയിലുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍, ആകാശ് സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ എന്നിവയ്ക്കും വിദേശ രാജ്യങ്ങളില്‍ വലിയ ആവശ്യക്കാരുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങള്‍ ഇപ്പോള്‍ 80-ലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി സര്‍വകാല റെക്കോര്‍ഡായ 38,424 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ 23,622 കോടി രൂപയില്‍ നിന്ന് 14,802 കോടി രൂപയുടെ (62.66%) വമ്പന്‍ വര്‍ദ്ധനവാണിത്.

X
Top