
മുംബൈ: ജനുവരി ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 22,530 കോടി രൂപയുടെഅറ്റവില്‍പ്പന നടത്തി. 2025ല്‍ 1.66 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയതനു ശേഷം 2026ന്റെ തുടക്കത്തിലും വില്‍പ്പന തുടരുകയാണ് വിദേശ നിക്ഷേപകര്‍ ചെയ്‌തത്.
കഴിഞ്ഞയാഴ്‌ച മാത്രം 14,266 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്. കഴിഞ്ഞയാഴ്‌ച നാല് വ്യാപാര ദിനങ്ങളാണ് ഉണ്ടായിരുന്നത്. തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും ഭൗമ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ശക്തമാകുന്നതും വിദേശ നിക്ഷേപകരെ വില്‍പ്പനയ്‌ക്ക് പ്രേരിപ്പിച്ചു.
ഡിസംബറില്‍ 22,611 കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരുന്നത്. ഇത്രയും തുകയുടെ വില്‍പ്പന ജനുവരിയിലെ ആദ്യ രണ്ട് ആഴ്‌ചകളില്‍ മാത്രം വിദേശ നിക്ഷേപകര്‍ നടത്തി.
2025ല്‍ വിദേശ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വര്‍ഷം എന്ന റെക്കോഡാണ് സൃഷ്‌ടിക്കപ്പെട്ടത്. 2025ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,66,286 കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചു. കഴിഞ്ഞ വര്‍ഷം ദ്വിതീയ വിപണിയില്‍ 2.40 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.
അതേ സമയം പ്രാഥമിക വിപണിയില്‍ 73,909 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ അറ്റവില്‍പ്പന 1.66 ലക്ഷം കോടി രൂപയായി. കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലാണ് നിക്ഷേപിക്കുന്നത്.
ഇന്ത്യയില്‍ അത്തരം ഒരു ലിസ്റ്റഡ് കമ്പനി പോലുമില്ലാത്തതിനാലാണ് വിദേശ നിക്ഷേപകരുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്താതെ പോയത്.
2026ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിക്ഷേപം കുറയുമെന്നാണ് കരുതുന്നത്. കാരണം ഇതിനകം തന്നെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഭീമമായ നിക്ഷേപം നടത്തിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ നിക്ഷേപം കുറയുന്നത് സ്വാഭാവികമായും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നതിന് വഴിയൊരുക്കും.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന തുടര്‍ന്നേക്കാമെങ്കിലും 2026 രണ്ടാം പാദത്തോടെ വില്‍പ്പനയില്‍ നിന്ന് നിക്ഷേപത്തിലേക്ക് അവ തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.






