
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപരുടെ പിന്മാറ്റം തുടരുന്നു. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഈയിനത്തില്‍ 35,000 കോടി രൂപ പിന്‍വലിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു. യു.എസ് ഫെഡ് റിസര്‍വ് നിരക്കുയര്‍ത്താന്‍ തുടങ്ങുന്നതും ഡോളറിന്റെ മൂല്യമുയരുന്നതുമാണ് വിദേശ നിക്ഷേപകരെ പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്. 2022 ല്‍ ഇതുവരെ 1.63 ലക്ഷം കോടി രൂപയാണ് വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും പിന്‍വലിച്ചത്.
അതേസമയം, വിദേശനിക്ഷേപകരുടെ പിന്മാറ്റം വരും ദിനങ്ങളിലും തുടരുമെന്ന് കൊടാക് സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ശ്രികാന്ത് ചൗഹന്‍ പറഞ്ഞു. എണ്ണവില വര്‍ധന, പണപ്പെരുപ്പം, കടുത്ത ധനനയം എന്നീ കാരണങ്ങള്‍കൊണ്ടാണ് ഇത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസിറ്റ് വികെ വിജയ്കുമാറും സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.
യു.എസ് ദുര്‍ബലമായതും ഡോളറിന്റെ ശക്തിപ്പെടലും കാരണം വിദേശനിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാര്‍ച്ച് 22 വരെയുള്ള ഏഴ് മാസങ്ങളില്‍ വിദേശനിക്ഷേപകര്‍ 1.65 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു. തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരം ട്രെന്‍ഡ് മാറി ഏതാണ്ട് 7707 കോടി രൂപ നിക്ഷേപിക്കാന്‍ അവര്‍ തയ്യാറായി.
എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ മോശമായതോടെ മാസാവസാനം അവര്‍ വീണ്ടും വില്‍പന തുടര്‍ന്നു. ഇതോടെ ഏപ്രിലില്‍ അവര്‍ 17144 കോടി രൂപ ഓഹരികള്‍ വിറ്റഴിച്ചു. മാര്‍ച്ചിലെ 41,123 കോടി രൂപയേക്കാള്‍ കുറവ്. ഇപ്പോള്‍ ഈ മാസം ഇതുവരെ 35,000 കോടിയും പിന്‍വലിച്ചിരിക്കുന്നു.
ഇന്ത്യയെ കൂടാതെ, തായ്‌വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന മറ്റുവിപണികളും വന്‍ ഓഹരി വിറ്റൊഴിക്കലിന് സാക്ഷ്യം വഹിക്കുകയാണ്.