
ഓഹരി വിപണി പുതിയ റെക്കോഡ് ഉയരത്തിലെത്തുന്നതിന് സാക്ഷ്യം വഹിച്ച കഴിഞ്ഞയാഴ്‌ചയും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടര്‍ന്നു. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 11,820 കോടി രൂപയുടെ വില്‍പ്പന നടത്തി. ഓഹരി വിപണി മുന്നേറ്റം നടത്തിയ ഡിസംബര്‍ അഞ്ച് വെള്ളിയാഴ്‌ച മാത്രം 439 കോടി രൂപയാണ് അവ പിന്‍വലിച്ചത്. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 4189 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതിന്റെ പിന്‍ബലത്തിലാണ് വിപണി ഉയര്‍ന്നത്. ഡിസംബര്‍ ആദ്യവാരം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 19,783 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ 11,820 കോടി രൂപയുടെ വില്‍പ്പന വിപണിയെ ബാധിക്കാതിരുന്നതും വിപണി ശക്തമായ നിലയില്‍ തുടര്‍ന്നതും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തിയത് മൂലമാണ്.
രൂപയുടെ മൂല്യതകര്‍ച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുന്നതിന് ഒരു കാരണമാണ്. കഴിഞ്ഞയാഴ്‌ചയാണ് ആദ്യമായി രൂപയുടെ മൂല്യം ഡോളറിന് 90ന് താഴേക്ക് ഇടിഞ്ഞത്. രൂപയുടെ മൂല്യം ഇടിയുന്ന വേളകളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്നത് സാധാരണമാണ്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം അഞ്ച് ശതമാനമാണ് ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ നവംബറില്‍ 3765 കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു.ഒക്‌ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 14,610 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയതിനു ശേഷമാണ് നവംബറില്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
അതേ സമയം ജൂലായ് മുതല്‍ സെപ്‌റ്റംബര്‍ വരെ തുടര്‍ച്ചയായി മൂന്ന് മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.55 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഓഹരികള്‍ മിക്കതും അമിതമൂല്യത്തില്‍ വ്യാപാരം ചെയ്യുന്നത് വില്‍പ്പനയ്‌ക്ക് മറ്റൊരു കാരണമായി. അതേ സമയം ആഭ്യന്തര ഘടകങ്ങള്‍ വിപണിക്ക് പൊതുവെ അനുകൂലമായി തുടരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ധന നയ സമിതി യോഗം റെപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചത് കൂടുതല്‍ ധനലഭ്യതയ്‌ക്കും വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും വഴിയൊരുക്കും.
പണപ്പെരുപ്പം കുറയുകയും ജിഡിപി വളര്‍ച്ച കൂടുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയ്‌ക്ക് ശക്തി പകരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 8.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആറ് ത്രൈമാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഇത്. ഒക്‌ടോബറിലെ പണപ്പെരുപ്പം എക്കാലത്തെയും താഴ്‌ന്ന നിലവാരമായ 0.25 ശതമാനത്തില്‍ എത്തുകയും ചെയ്‌തു.






