
മുംബൈ: തുടർച്ചയായ നാലാമത്തെ മാസവും കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിൽപ്പന നടത്തി. 455 കോടി രൂപയാണ് ജൂലൈയിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ കടപത്ര വിപണിയിൽ നിന്ന് പിൻവലിച്ചത്.
കഴിഞ്ഞ മാസം വിദേശ നിക്ഷേപകർ വാങ്ങിയും വിറ്റും സമ്മിശ്രമായ രീതിയിലാണ് കടപ്പത്ര വിപണിയെ സമീപിച്ചത്.
നടപ്പു സാമ്പത്തിക വർഷം ആദ്യമാസം മുതൽ കടപ്പത്ര വിപണിയിൽ വിദേശ നിക്ഷേപകർ വില്പന നടത്തിവരികയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇതുവരെ 23,435 കോടി രൂപയാണ് കടപ്പത്ര വിപണിയിൽ നിന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത്.
പണപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞതിനെ തുടർന്നു ഓഗസ്റ്റിൽ റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ ജൂലൈ മധ്യത്തിൽ കടപത്രങ്ങൾ വാങ്ങാൻ വിദേശ നിക്ഷേപകർ താൽപര്യം കാട്ടിയിരുന്നു.
എന്നാൽ ഹ്രസ്വകാലത്തെ പണപ്പെരുപ്പ നിരക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കില്ല പലിശ നിരക്ക് സംബന്ധിച്ച് തുടർന്ന് തീരുമാനമെടുക്കുന്നത് എന്ന റിസർവ്ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ ജൂലൈ 25ന് നടത്തിയ പ്രസ്താവന വീണ്ടും വിദേശനിക്ഷേപകരെ വിൽപ്പനക്ക് പ്രേരിപ്പിച്ചു.