
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗാര്‍ഹിക ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്. മഹാമാരി തടയാനെടുത്ത നടപടികള്‍ പിന്‍വലിച്ചതോടെ വാഹന വില്‍പന, എയര്‍ റെയില്‍ വാഹന ഗതാഗതം ഉയര്‍ന്നു. ഉപഭോക്താക്കളുടെ ചെലവഴിക്കലില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്.
“ ചാക്രിക വീക്ഷണകോണില്‍, സമ്പദ്‌വ്യവസ്ഥയുടെ പൂര്‍ണ്ണമായ പുനരാരംഭം സംഭവിച്ചുകഴിഞ്ഞു. ഇത് വീണ്ടെടുക്കല്‍ പ്രാപ്തമാക്കുന്നു,” ആഭ്യന്തര ഡിമാന്റിനെ പിന്തുണച്ച് ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.
വാര്‍ഷിക ജിഡിപിയുടെ 60 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഉപഭോഗ സമ്പദ്‌വ്യവസ്ഥയുടെ ഈ ഉണര്‍വ് മുതലെടുക്കാനൊരുങ്ങുകയാണ് വിദേശനിക്ഷേപകര്‍. ഓഗസ്റ്റില്‍ ലഭ്യമായ 6.1 ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപത്തിന്റെ 29 ശതമാനവും ഉപഭോക്തൃ മേഖലകളിലായിരുന്നു. ഓട്ടോമൊബൈല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്യൂമര്‍ സര്‍വീസ്, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് എന്നിവയിലായി ഓഗസ്റ്റില്‍ 15,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്.
ഹോട്ടല്‍ കമ്പനികളുള്‍പ്പെടുന്ന ഉപഭോക്തൃ സേവന മേഖലയ്ക്ക് 5500 കോടി രൂപയുടെ നിക്ഷേപം ലഭ്യമായപ്പോള്‍ 3736 കോടി കിട്ടിയ വാഹനമേഖലയാണ് രണ്ടാം സ്ഥാനത്ത്.ചരിത്രത്തിലെ മികച്ച സമയം ആസ്വദിക്കുകയാണ് നിലവില്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രി.
ഗ്രാമീണ മേഖല
വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരായിരുന്നു. എന്നാല്‍ സാധാരണ മണ്‍സൂണും വിള വിതയ്ക്കല്‍ രീതികളിലെ സമീപകാല പുരോഗതിയുംമേഖലയുടെ വീണ്ടെടുപ്പിലേയ്ക്ക് നയിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മണ്‍സൂണിന് ശേഷമുള്ള തിരിച്ചുവരവ് നടത്തുന്നതിനാല്‍ ഗാര്‍ഹിക ഉപഭോഗത്തില്‍ ഉണര്‍വ് ശക്തമായിരിക്കുമെന്ന് കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ മാനേജറും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ് മേധാവിയുമായ അന്‍ഷുല്‍ സൈഗാള്‍ പറയുന്നു.
ഇതോടെ വിദേശനിക്ഷേപം തുടരുമെന്ന പ്രതീക്ഷയിലാണ് വിപണി.