
സ്വന്തമായി ആശുപത്രികൾ വികസിപ്പിക്കുന്നതിനൊപ്പം, ഏറ്റെടുക്കലുകളിലൂടെയും വിപുലീകരണം നടത്തുന്നതാണ് ഗ്രൂപ്പിന്റെ പ്രവർത്തന മോഡൽ
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഹെൽത്ത്‌കെയർ വിപണി പുതിയ ബിസിനസ് ഘട്ടത്തിലേക്ക് കടക്കുകയാണ്. ആശുപത്രി മേഖലയിലേക്കുള്ള വിദേശ മൂലധനം ഭീഷണിയെന്ന ധാരണയെ മറികടന്ന്, വളർച്ചയും വിപുലീകരണവും നയിക്കുന്ന പ്രധാന ഘടകമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെടുന്നത്. ഇതിന്റെ വ്യക്തമായ ഉദാഹരണമായി കേരളം ആസ്ഥാനമായുള്ള ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് (ബിഎംഎച്ച്) ദക്ഷിണേന്ത്യയിലുടനീളം വൻതോതിലുള്ള വിപുലീകരണ പദ്ധതികളുമായി മുന്നേറുകയാണ്.
2024-ൽ യുഎസ് ആസ്ഥാനമായ ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ 2,500 കോടി രൂപ നിക്ഷേപിച്ച് ബിഎംഎച്ചിന്റെ ഏകദേശം 70 % ഓഹരി സ്വന്തമാക്കിയതോടെയാണ് ഈ വളർച്ചയ്ക്ക് വേഗം കൂടിയത്. ഇതോടെ കെകെആറിന്റെ ഇന്ത്യയിലെ ഹെൽത്ത്‌കെയർ നിക്ഷേപ പോർട്ട്ഫോളിയിലൊരു പ്രധാന കേന്ദ്രമായും ബിഎംഎച്ച് മാറിയിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ഗ്രൂപ്പിന്റെ യാത്ര ആരംഭിച്ചത്. തുടർന്ന് കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
അടുത്തിടെ പയ്യന്നൂരിൽ 200 കിടക്കകളുള്ള ആശുപത്രിയും വടകരയിൽ 250 കിടക്കകളുള്ള ആശുപത്രിയും ഏറ്റെടുത്ത് ബിഎംഎച്ച് ബ്രാൻഡിൽ ഉൾപ്പെടുത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ 15 ഏക്കറിൽ ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 500 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയുടെ നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇത് പ്രവർത്തനസജ്ജമാകുന്നതോടെ, കിടക്കകളുടെ എണ്ണത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ആശുപത്രി ശൃംഖലയായി ബിഎംഎച്ച് മാറും.
കേരളത്തിനപ്പുറം തമിഴ്‌നാട്ടിലേക്കും ബിഎംഎച്ച് സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്. ചെന്നൈയ്ക്ക് സമീപം വെല്ലൂരിലെ നറൂവി ഹോസ്പിറ്റൽസിന്റെയും കോഴിക്കോട്ടെ മേയ്ത്ര ഹോസ്പിറ്റലിന്റെയും ഭൂരിഭാഗം ഓഹരികൾ ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഈ ആശുപത്രികൾ നിലവിലുള്ള ബ്രാൻഡുകൾ നിലനിർത്തിക്കൊണ്ടാണ് പ്രവർത്തനം തുടരുന്നത്. ഇതിന് പുറമെ, ചെന്നൈ ഒഎംആർ റോഡിൽ ആറ് ഏക്കർ സ്ഥലത്തുള്ള നാല് ലക്ഷം ചതുരശ്രയടി കെട്ടിടം ഏറ്റെടുത്ത് 300 കിടക്കകളുള്ള പുതിയ ആശുപത്രി ആരംഭിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ ഉൾപ്പെടെ ദക്ഷിണേന്ത്യ മുഴുവൻ ലക്ഷ്യമിട്ടുള്ളതാണ് ബിഎംഎച്ചിന്റെ അടുത്ത ഘട്ട ബിസിനസ് തന്ത്രം. സ്വന്തമായി ആശുപത്രികൾ വികസിപ്പിക്കുന്നതിനൊപ്പം, ഏറ്റെടുക്കലുകളിലൂടെയും വിപുലീകരണം നടത്തുന്നതാണ് ഗ്രൂപ്പിന്റെ പ്രവർത്തന മോഡൽ.
വൻതോതിലുള്ള വിദേശ നിക്ഷേപം ലഭ്യമാകുന്നതിലൂടെ, ലോകോത്തര മെഡിക്കൽ ഉപകരണങ്ങളും സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും കുറഞ്ഞ ചെലവിൽ ഒരുക്കാൻ സാധിക്കുന്നുവെന്നാണ് ബിഎംഎച്ചിന്റെ വിലയിരുത്തൽ. ഇതുവഴി പയ്യന്നൂർ, തൊടുപുഴ, പെരുമ്പാവൂർ പോലുള്ള നോൺ മെട്രോ പ്രദേശങ്ങളിലേക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യപ രിരക്ഷ എത്തിക്കാൻ കഴിയുന്നുവെന്നും, വിപുലീകരണ പദ്ധതികൾ വലിയ തോതിലുള്ള തൊഴിൽ സൃഷ്ടിക്കും വഴിയൊരുക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
മെഡിക്കൽ ടൂറിസം രംഗത്തും ദീർഘകാല സാധ്യതകളാണ് ഗ്രൂപ്പ് കാണുന്നത്. ദേശീയ പാത വികസനം പൂർത്തിയാകുന്നതോടെ റോഡ് കണക്ടിവിറ്റി മെച്ചപ്പെടുമെങ്കിലും, കോഴിക്കോട്, കണ്ണൂർ പോലുള്ള നഗരങ്ങളിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ലഭ്യമാകുന്നതാണ് വിദേശ രോഗികളെ ആകർഷിക്കുന്നതിൽ നിർണായകമെന്ന് വിലയിരുത്തപ്പെടുന്നു. ഹെൽത്ത്കെയർ മേഖലയിലേക്കുള്ള വിദേശ മൂലധനം ഭീഷണിയായി കാണുന്നതിന് പകരം, ദക്ഷിണേന്ത്യയിലെ ഹെൽത്ത്‌കെയർ ബിസിനസ് ഭൂപടം മാറ്റുന്ന ഒരു വളർച്ചാ ഘടകമായാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് ഇതിനെ സമീപിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.





