പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

50 കോടി നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ് മാതൃകയിൽ ധന സഹായം

ഇടുക്കി: സംസ്ഥാനത്ത് 50 കോടി രൂപ വരെ നിക്ഷേപമുള്ള ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ട്ടപ് മാതൃകയില്‍ ധന സഹായം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെത്തിയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരള വിനോദസഞ്ചാര വകുപ്പ് കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷന്‍ 2031 സംസ്ഥാനതല ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനോദസഞ്ചാര -പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിഷന്‍ 2031 നയരേഖ അവതരിപ്പിച്ചു.

നിര്‍മിത ബുദ്ധി നമ്മുടെ സമൂഹത്തില്‍ ചെലുത്തുന്ന ദ്രുതഗതിയിലുള്ള മാറ്റത്തെ അനുകൂലമായി മാറ്റാന്‍ കേരള വിനോദസഞ്ചാര മേഖല സ്വയം സജ്ജമാകണമെന്ന് ധനമന്ത്രി പറഞ്ഞു. സമൂഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിര്‍മിതബുദ്ധി നമ്മുടെ നിത്യ ജീവിതത്തെയും തൊഴിലിനെയും വലിയ തോതില്‍ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുകയാണ്. ഈ ഘട്ടത്തില്‍ നിര്‍മിത ബുദ്ധിയുടെ സ്വാധീനം ഇല്ലാത്ത കല, പാചകം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകള്‍ക്ക് വലിയ സാധ്യത കൈവരികയാണ്. ഇത് സ്വായത്തമാക്കി സ്വയം സജ്ജമാകാന്‍ ഏറ്റവും പറ്റിയ മേഖല വിനോദസഞ്ചാരമാണെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ ഫണ്ട് അനുവദിച്ചത് വിനോദസഞ്ചാര വകുപ്പിനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ധനശേഷിയുള്ള ആഭ്യന്തര വിനോദസഞ്ചാരികളെ കൂടുതലായി ഉപയോഗപ്പെടുത്തണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞ കിടക്കുകയാണ്. നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി അനുവദിക്കുകയാണെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാന്‍ വരാന്‍ സാധിക്കും. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വിനോദസഞ്ചാര ഹബ്ബായി മാറാന്‍ കേരളത്തിന് ഇതിനായുള്ള നടപടികളെടുക്കും. തീര്‍ത്ഥാടക ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ഓരോ സീസണിലും ശബരിമല റോഡുകള്‍ക്കായി മാത്രം 250 കോടി രൂപയാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രൂസ് ടൂറിസം, പ്രമുഖ ഡെസ്റ്റിനേഷനുകളില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയവയും കേരളത്തിന്റെ ഭാവി സാധ്യതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിനോദസഞ്ചാര രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗ രേഖ നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വിനോദസഞ്ചാര രംഗത്തെ വളർച്ച സംസ്ഥാനത്തിന്റെ ജിഡിപി കുതിപ്പിനും വഴിയൊരുക്കി. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര സാധ്യതകൾക്ക് കുതിപ്പേകാന്‍ വിഷന്‍ 2031 സെമിനാര്‍ ഈ ജില്ലയില്‍ നടക്കുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തെ വിനോദസഞ്ചാര രംഗത്തെ വികസന നേട്ടങ്ങൾ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ ബിജു അവതരിപ്പിച്ചു. വിനോദസഞ്ചാര ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ദേവികുളം എംഎല്‍എ എ രാജ, ഇടുക്കി ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വൈസ് പ്രസി‍ഡന്റ് ഉഷാകുമാരി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസ്, കെടിഐഎല്‍ ചെയര്‍മാന്‍ സജീഷ് എസ് കെ, കേരള വിനോദസഞ്ചാര അഡി. ഡയറക്ടര്‍ (ജനറല്‍) ധന്യ സുരേഷ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കേരള ട്രാവല്‍ മാര്‍ട് ഭാരവാഹികള്‍, വിനോദസഞ്ചാര രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

X
Top