
തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന സാമ്പത്തികവർഷം പിന്നിടുമ്പോൾ ട്രഷറിയിൽ 4000 കോടി ബാലൻസ് ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മാർച്ച് മാസത്തിൽമാത്രം 20,392 കോടി ചെലവിട്ടു.
കേരളം കടക്കെണിയിലല്ല. പദ്ധതിച്ചെലവ് ആകെ 100 ശതമാനമായെന്നും അവകാശപ്പെട്ടു. ഇത് മുൻവർഷത്തെക്കാൾ 5.38 ശതമാനം കൂടുതലാണ്. പദ്ധതി വെട്ടിച്ചുരുക്കിയെന്ന് ആരോപിച്ച പ്രതിപക്ഷത്തിന് കണക്കുകൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിച്ചെലവ് വെട്ടിച്ചുരുക്കിയെങ്കിൽ എങ്ങനെ ഇത്രയും ചെലവിടാനാവുമെന്നും മന്ത്രി ചോദിച്ചു. പലവിധ പ്രതിസന്ധികളും കേന്ദ്രത്തിന്റെ നിസ്സഹകരണവും മറികടന്നാണ് സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വാർഷിക പദ്ധതിയിൽ സംസ്ഥാനപദ്ധതികളുടെ ചെലവ് 106.4 ശതമാനമായി.
തദ്ദേശസ്ഥാപനങ്ങളുടെ ചെലവ് 76.28 ശതമാനമാണ്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് അവസാനം അനുവദിച്ച 2000 കോടി രൂപ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പരിശോധനാ സമിതിയുടെ മുന്നിലാണ്. ഇതുകൂടി ചേർത്താൽ തദ്ദേശപദ്ധതിച്ചെലവ് 89 ശതമാനമാവും.
സംസ്ഥാന പദ്ധതിച്ചെലവായി 24,722.73 കോടിയും തദ്ദേശസ്ഥാപനങ്ങൾക്കായി 7029.21 കോടി രൂപയുമാണ് ചെലവിട്ടത്.
ഇത് മാർച്ച് 30-വരെയുള്ള കണക്കാണ്. 31-ന്റെ കണക്കുകൂടി ചേർത്താൽ ഇതിലും കൂടും.
തനതുനികുതി വരുമാനം ഒരുലക്ഷം കോടി കടന്നു
സർക്കാരിന്റെ ചെലവ് 1.9 ലക്ഷം കോടിയായി. വരവ് ആദ്യമായി ഒരുലക്ഷം കോടി കടക്കും. തനതുനികുതിവരുമാനം 82,100 കോടിയാണ്. നികുതിയേതര വരുമാനം 23,000 കോടി കടക്കും. പല പദ്ധതികൾക്കും ബജറ്റ് വിഹിതത്തെക്കാൾ കൂടുതൽ അനുവദിച്ചു. കൊച്ചി മെേട്രായ്ക്ക് 289.01 കോടിയാണ് നീക്കിവെച്ചത്. എന്നാൽ 1226.98 കോടി അനുവദിച്ചു.
വിഷുവും ഈസ്റ്ററും പ്രമാണിച്ച് ഏപ്രിലിലെ ക്ഷേമപെൻഷൻ നേരത്തേ നൽകുകയാണ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2025 വരെയുള്ള ക്ഷാമബത്ത പൂർണമായും മാർച്ചിലെ ശമ്പളത്തിൽ നൽകും. ഇതിന് 490 കോടി രൂപ വേണം. സ്ത്രീകൾക്ക് മാസം ആയിരം രൂപാവീതം നൽകുന്ന മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്കായി ഇതുവരെ 323.27 കോടി ചെലവിട്ടു.
തൊഴിലന്വേഷകരായ യുവാക്കൾക്ക് മാസം ആയിരം രൂപ നൽകുന്നതിന് 15 കോടി ചെലവിട്ടു. കുടിശ്ശികകൾ നൽകുന്നത് സംബന്ധിച്ച വാഗ്ദാനം മുഴുവൻ പാലിച്ചെന്നും ധനമന്ത്രി പറഞ്ഞു.
വാർഷിക പദ്ധതിച്ചെലവിലെ വിനിയോഗനിരക്ക് സംസ്ഥാനസർക്കാർ വർഷങ്ങളായി കണക്കാക്കുന്നത് മുൻവർഷം നീക്കിവെച്ച ചെലവുകൾ കൂടി ചേർത്താണ്. ഇത്തവണയും സാമ്പത്തിക പ്രതിസന്ധികാരണം ഒട്ടേറെ ചെലവുകൾ മാറ്റിവെച്ചിട്ടുണ്ട്.






