ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

കോവിഡിനുശേഷം കേരളത്തിലും ഗോവയിലുമടക്കം വിദേശസഞ്ചാരികള്‍ കുറവ്

മുംബൈ: കോവിഡിനുശേഷം രാജ്യത്ത് വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. 2024-ലും കോവിഡിനു മുന്‍പുണ്ടായിരുന്ന നിലയിലേക്ക് വിദേശസഞ്ചാരികളുടെ എണ്ണം എത്തിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിനുമുന്‍പ് 2019-ല്‍ 3.14 കോടി വിദേശ സഞ്ചാരികളായിരുന്നു ഇന്ത്യ സന്ദര്‍ശിച്ചത്. 2024-ലിത് 2.09 കോടി മാത്രമാണ്. ഇപ്പോഴും 1.05 കോടി പേരുടെ കുറവാണുള്ളത്. ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡിനു മുന്‍പുണ്ടായിരുന്നതിനെക്കാള്‍ സഞ്ചാരികളുടെ എണ്ണം കൂടിയത്.

26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2019-നെ അപേക്ഷിച്ച് വിദേശസഞ്ചാരികള്‍ കുറഞ്ഞു. 2024-ല്‍ ഏറ്റവും കൂടുതല്‍ വിദേശസഞ്ചാരികളെത്തിയത് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ്. മഹാരാഷ്ട്രയില്‍ 37 ലക്ഷംപേരും പശ്ചിമബംഗാളില്‍ 31.24 ലക്ഷം പേരും. ഗുജറാത്ത് (22.74 ലക്ഷം), ഉത്തര്‍പ്രദേശ് (22.69 ലക്ഷം), രാജസ്ഥാന്‍ (20.72 ലക്ഷം), ഡല്‍ഹി (19.99 ലക്ഷം) എന്നിവയാണ് വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.

ഇതില്‍ കോവിഡിനു മുന്‍പുണ്ടായിരുന്നതിനെക്കാള്‍ എണ്ണം കൂടിയത് ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ്. എക്കാലത്തും വിദേശസഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു കേരളവും ഗോവയും. രണ്ടിടത്തും വിദേശസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയ്ക്കു വേഗംകുറവാണ്. കേരളത്തില്‍ 2019-ല്‍ 11.89 ലക്ഷം വിദേശ സഞ്ചാരികളായിരുന്നു സന്ദര്‍ശിച്ചത്.

2024 -ലിത് 7.38 ലക്ഷം മാത്രമാണ്. ഇനിയും 4.5 ലക്ഷം പേരുടെ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ബീച്ചുകള്‍കൊണ്ടു സമൃദ്ധമായ ഗോവയില്‍ 2019-ല്‍ 9.37 ലക്ഷം പേരെത്തിയിരുന്നു. ഇപ്പോഴിത് 4.68 ലക്ഷം മാത്രമാണ്. പുരാതന ക്ഷേത്രങ്ങളുടെ തട്ടകമായ തമിഴ്‌നാട്ടില്‍ 2019-ല്‍ 68.66 ലക്ഷം വിദേശ സഞ്ചാരികളെത്തിയിരുന്നു. 2024-ലിത് 11.61 ലക്ഷം മാത്രമാണ്.

ആഭ്യന്തരസഞ്ചാരികള്‍ കൂടുന്നു
വിദേശസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2019-ല്‍ 232.19 കോടി ആഭ്യന്തര സഞ്ചാരികളാണുണ്ടായിരുന്നതെങ്കില്‍ 2024-ലിത് 294.82 കോടിയായി കൂടി. 62.6 കോടി പേരുടെ വര്‍ധന. ചുരുക്കംചില സംസ്ഥാനങ്ങളില്‍ മാത്രമാണ് എണ്ണത്തില്‍ കുറവുള്ളത്.

ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയില്‍ രാജസ്ഥാനും ഗുജറാത്തുമാണ് മുന്നില്‍.
രാജസ്ഥാനില്‍ 2019-നെ അപേക്ഷിച്ച് 17.79 കോടി പേര്‍ കൂടുതലായെത്തി. ഗുജറാത്തിലിത് 12.52 കോടിയാണ്. 11.1 കോടിയുമായി ഉത്തര്‍പ്രദേശ് മൂന്നാമതുണ്ട്. പശ്ചിമബംഗാള്‍ (9.2 കോടി), കര്‍ണാടക (7.66 കോടി), ആന്ധ്രപ്രദേശ് (5.32 കോടി) എന്നിവ തുടര്‍ന്നുവരുന്നു.

എന്നാല്‍, 2024-ല്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികളെത്തിയത് ഉത്തര്‍പ്രദേശിലാണ്- 64.68 കോടി. തമിഴ്‌നാട് 30.68 കോടി), കര്‍ണാടക (30.46 കോടി), ആന്ധ്രപ്രദേശ് (29.03 കോടി), രാജസ്ഥാന്‍ (23.01 കോടി) എന്നിവ തുടര്‍ന്നുവരുന്നു.

കേരളത്തില്‍ 2.23 കോടി ആഭ്യന്തര സഞ്ചാരികളാണ് 2024-ലെത്തിയത്. 2019 -ലെ 1.84 കോടിയെക്കാള്‍ 38.7 ലക്ഷം പേരുടെ വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം, 2019-ല്‍ 49.48 കോടി ആഭ്യന്തരസഞ്ചാരികളെത്തിയിരുന്ന തമിഴ്‌നാട്ടില്‍ 2024-ലെത്തിയത് 30.68 കോടി പേര്‍ മാത്രം. 18.8 കോടിയുടെ കുറവ്.

X
Top