
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ 9.8 ബില്യണ്‍ ഡോളറിന്റെ ഇടിവ്. ഏതാനും ആഴ്ചകളായി തുടര്‍ന്നു വന്ന ശക്തമായ മുന്നേറ്റത്തിന് ശേഷമാണ് കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.
ജനുവരി 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 9.809 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 686.801 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ‘വാരാന്ത്യ സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ്’ ഡാറ്റ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, വിദേശനാണ്യ കരുതല്‍ ശേഖരം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
ജനുവരി 2 ന് അവസാനിച്ച ആഴ്ചയില്‍, വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ ഇന്ത്യയുടെ വിദേശ കറന്‍സി ആസ്തികള്‍ 7.622 ബില്യണ്‍ ഡോളറില്‍ നിന്ന് കുറഞ്ഞ് 551.990 ബില്യണ്‍ ഡോളറായി.
ഡിസംബര്‍ തുടക്കത്തില്‍ നടന്ന പണനയ അവലോകന യോഗത്തിന് ശേഷം, രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 11 മാസത്തെ ഇറക്കുമതി നിറവേറ്റാന്‍ പര്യാപ്തമാണെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു.
ആര്‍ബിഐ ഡാറ്റ അനുസരിച്ച് സ്വര്‍ണ്ണ കരുതല്‍ ശേഖരം നിലവില്‍ 111.262 ബില്യണ്‍ ഡോളറാണ്. മുന്‍ ആഴ്ചയേക്കാള്‍ 2.058 ബില്യണ്‍ ഡോളറില്‍ കുറവ്.
ആഗോള അനിശ്ചിതത്വങ്ങളുടെയും ശക്തമായ നിക്ഷേപ ആവശ്യകതയുടെയും പശ്ചാത്തലത്തില്‍, സമീപ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപ ആസ്തിയായ സ്വര്‍ണ്ണത്തിന്റെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
വിദേശ നാണ്യ കരുതല്‍ ശേഖരം, ഒരു രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കോ മോണിറ്ററി അതോറിറ്റിയോ കൈവശം വച്ചിരിക്കുന്ന ആസ്തികളാണ്, പ്രധാനമായും യുഎസ് ഡോളര്‍ പോലുള്ള കറന്‍സികളിലാണ് ഇവ സൂക്ഷിക്കുന്നത്.






