
ന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങൾക്ക് ചുമത്തുന്ന തീരുവകളും നികുതികളും തിരികെ നൽകുന്ന RoDTEP പദ്ധതിയുടെ കാലാവധി കേന്ദ്ര ഗവണ്മെൻ്റ് 2026 ഡിസംബർ 31 വരെ നീട്ടി. 2026 സെപ്റ്റംബർ 30-ന് വാണിജ്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം (നമ്പർ 41/2026-27) പ്രകാരമാണ് കാലാവധി നീട്ടിയത്. ആഭ്യന്തര തീരുവ മേഖലാ യൂണിറ്റുകൾ, മുൻകൂർ അനുമതിപത്ര ഉടമകൾ, പ്രത്യേക സാമ്പത്തിക മേഖല യൂണിറ്റുകൾ, കയറ്റുമതി കേന്ദ്രീകൃത യൂണിറ്റുകൾ എന്നിവ മുഖേന നടത്തുന്ന കയറ്റുമതികൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.
കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളിൽ ഉള്‍പ്പെട്ടിരിക്കുന്നതും മറ്റ് ആനുകൂല്യങ്ങളിലൂടെ റീഫണ്ട് ലഭിക്കാത്തതുമായ കേന്ദ്ര, സംസ്ഥാന, പ്രാദേശിക തീരുവകളും നികുതികളും സെസ്സുകളും—നിർമാണത്തിൻ്റെ മുൻഘട്ടങ്ങളിൽ നേരിട്ടല്ലാതെ ചുമത്തപ്പെട്ട പരോക്ഷ നികുതികൾ ഉൾപ്പെടെ—കയറ്റുമതിക്കാർക്ക് തിരികെ നൽകുന്ന പദ്ധതിയാണിത്.
നിലവിലെ പദ്ധതി നിരക്കുകളിലും മൂല്യ പരിധിയിലും മാറ്റമുണ്ടാകില്ല. 2026 സെപ്റ്റംബർ 30-ന് നിലവിലുണ്ടായിരുന്ന അനുബന്ധം 4R, അനുബന്ധം 4RE എന്നിവയിൽ വിജ്ഞാപനം ചെയ്ത അതേ നിരക്കുകൾ തന്നെ ഈ കാലാവധിയിലും മാറ്റമില്ലാതെ തുടരും.
ആഗോള വിപണിയിൽ മറ്റ് സമ്പദ് വ്യവസ്ഥകളോട് കിടപിടിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് തുല്യ മത്സരവേദിയൊരുക്കാനും കയറ്റുമതി മേഖലയ്ക്ക് കരുത്തേകാനുമുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ നടപടി.






