മുംബൈ: ആഢംബര വാച്ച് ചെറുകിട വില്‍പനക്കാരായ എത്തോസ് 5.78 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 830 രൂപയിലും എന്‍എസ്ഇയില്‍ 825 രൂപയിലുമായിരുന്നു ലിസ്റ്റിംഗ്. 878 രൂപയായിരുന്നു ഐപിഒ വില.
ഐപിഒയിലെ തണുപ്പന്‍ പ്രകടനം കുറഞ്ഞ തുകയിലുള്ള ലിസ്റ്റിംഗിലേയ്ക്കായിരുന്നു വിരല്‍ ചൂണ്ടിയിരുന്നത്. മെയ് 18 മുതല്‍ 20 വരെ നീണ്ട ഐപിഒ 1.04 മടങ്ങ് അധികമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. നിക്ഷേപ സ്ഥാപനങ്ങള്‍ അവരുടെ ക്വാട്ടയുടെ 1.06 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്തപ്പോള്‍ ഉയര്‍ന്ന സമ്പത്തുള്ള നിക്ഷേപകര്‍ 1.48 മടങ്ങും ചെറുകിട നിക്ഷേപകര്‍ 84 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്തു. 375 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകള്‍ ഫ്രഷ് ഇഷ്യുവഴിയായും 1,108,037 ഇക്വിറ്റി ഷെയറുകള്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴിയായും കമ്പനി വിപണിയിലെത്തിച്ചു.
ഇതുവഴി 472.3 കോടി രൂപയാണ് സമാഹരിച്ചത്. ഇന്ത്യയിലെ 17 നഗരങ്ങളിലായി മള്‍ട്ടിസ്‌റ്റോര്‍ ഫോര്‍മാറ്റില്‍ തങ്ങള്‍ക്ക് 50 ഫിസിക്കല്‍ റീട്ടെയില്‍ സ്‌റ്റോറുകളുണ്ടെന്ന് എത്തോസ് അവകാശപ്പെടുന്നു. കൂടാതെ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ഓമ്‌നിചാനല്‍ അനുഭവം കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം, ലക്ഷ്വറി വാച്ചുകളുടെ ഏറ്റവും വലിയ പോര്‍ട്ട്‌ഫോളിയോ തങ്ങള്‍ക്കുണ്ടെന്നും ഒമേഗ, ഐഡബ്ല്യുസി ഷാഫ്ഹൗസെന്‍, ജെയ്ഗര്‍ ലെകോള്‍ട്രെ, പനേരായ്, ബ്‌വ്ല്‍ഗാരി, എച്ച്. മോസര്‍ & സീ, റാഡോ, ലോംഗിനെസ്, ബൗം തുടങ്ങിയ 50 പ്രീമിയം, ലക്ഷ്വറി വാച്ച് ബ്രാന്‍ഡുകളുടെ ചെറുകിട വില്‍പ്പന തങ്ങള്‍ നടത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
ഒഎഫ്എസിന്റെ ഭാഗമായി യശോവര്‍ദ്ധന്‍ സാബു, കെഡിഡിഎല്‍ മഹെന്‍ ഡിസ്ട്രിബ്യൂഷന്‍, സാബൂ വെഞ്ച്വേഴ്‌സ് എല്‍എല്‍പി, അനുരാധ സാബു, ജയ് വര്‍ധന്‍ സാബു, വിബിഎല്‍ ഇന്നൊവേഷന്‍സ്, അനില്‍ ഖന്ന, നാഗരാജന്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ വില്‍പ്പന നടത്തിയത്. ഐപിഒയുടെ പകുതി, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരുന്നു.
ലോട്ട് 17 ഇക്വിറ്റി ഷെയറുകളായി നിജപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 386.57 കോടി രൂപയായിരുന്നു. അതേ കാലയളവില്‍ 5.78 കോടി അറ്റാദായം രേഖപ്പെടുത്താനും കമ്പനിയ്ക്കായി.