
തൃശൂർ: ‘രാജ്യ പുരോഗതിയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തെ മുൻനിർത്തി ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 72-ാം ദേശീയ സഹകരണ വാരാഘോഷം നടത്തി. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിൽ നടന്ന ചടങ്ങ് കേന്ദ്ര സഹകരണ ജോയിന്റ് രജിസ്ട്രാറും കോ-ഓപ്പറേറ്റീവ് ഇലക്ഷൻ അതോറിറ്റി മെമ്പറുമായ മോണിക്ക ഖന്ന ഉദ്‌ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്കാണ് സഹകരണ മേഖലയ്ക്കുള്ളതെന്നും സഹകരണ പ്രസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും മോണിക്ക ഖന്ന പറഞ്ഞു.
സഹകരണ മേഖലയിൽ ഇസാഫ് കോ-ഓപ്പറേറ്റീവ് നടത്തുന്ന പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സൺ സലീന ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടിവ് ഓഫീസറുമായ ഡോ. കെ പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ‘ആത്മ നിർഭർ ഭാരതത്തിന് മാർഗ ദീപങ്ങളായ സഹകരണ പ്രസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. ഇ ജി രഞ്ജിത്ത് കുമാർ ക്ലാസ് നടത്തി.
ഇസാഫ് കോ-ഓപ്പറേറ്റീവ് സിഇഒ ജോർജ് തോമസ്, ജില്ലാ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടി കെ പൊറിഞ്ചു, പാണഞ്ചേരി മാർക്കറ്റിംഗ് കോ- ഓപ്പറേറ്റീവ് സൊസെെറ്റി പ്രസിഡന്റ് റോയ് കെ ദേവസി, പാഡി ഫാം പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പ്രസിഡന്റ് എം വി രാജേന്ദ്രൻ, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവൽ, കംപ്ലയിൻസ് ഓഫീസർ വി കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനം സെഡാർ റീട്ടെയിൽ എംഡി അലോക് തോമസ് പോൾ വിതരണം ചെയ്തു.






