
. ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമിട്ട് മില്‍മയുടെ പാലും, മറ്റ് ഉത്പ്പന്നങ്ങളും പ്രാഥമിക ക്ഷീര സംഘങ്ങളിലെ ഷോപ്പികള്‍ വഴി വില്പന നടത്തുന്നതിനുമുള്ള പദ്ധതിയും ആരംഭിച്ചു
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഗുണമേന്മയും വിശ്വാസ്യതയുമുള്ള പാലും പാൽ ഉത്പ്പന്നങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ചെയര്‍മാന്‍ സിഎന്‍ വത്സലന്‍പിള്ള അറിയിച്ചു. അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്‍റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി സാധാരണ വരുന്നതിന്‍റെ മൂന്നിരട്ടി ആവശ്യകത മൂന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഷുഗര്‍ ഫ്രീ ഐസ്ക്രീമും, ഷുഗര്‍ ഫ്രീ പേഡയും ഉള്‍പ്പെടെ 65 ഇനം ഐസ്ക്രീമുകളും, അഞ്ച് ഇനം പേഡയും വിവിധയിനം പനീറും, പാലടയും ഉള്‍പ്പെടയുള്ള 160 ഓളം ഉത്പ്പങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
തൃപ്പൂണിത്തുറ,കോട്ടയം,കട്ടപ്പന,തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഡയറികളില്‍ നിന്ന് പാലും, തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍ നിന്നുള്ള പാലുത്പ്പന്നങ്ങളും കൃത്യമായി ഉപഭോക്താള്‍ക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ വില്പന കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മേഖലാ യൂണിയന്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമിട്ട് മില്‍മയുടെ പാലും, മറ്റ് ഉത്പ്പന്നങ്ങളും പ്രാഥമിക ക്ഷീര സംഘങ്ങളിലെ ഷോപ്പികള്‍ വഴി വില്പന നടത്തുന്നതിനുമുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ച് മായം കലര്‍ന്ന ഉത്പ്പന്നങ്ങളുടെ കടന്നുകയറ്റം തടയുകയും, പരമാവധി വിറ്റുവരും, ലാഭവും, നേടിയെടുത്ത് അത് വഴി ക്ഷീര കര്‍ഷകരെ സഹായിക്കുന്ന നിലപാടുകളുമായാണ് എറണാകുളം മേഖലാ യൂണിയന്‍ മുന്നോട്ടു പോകുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ക്ഷീര കര്‍ഷകരുടെയും, ജനങ്ങളുടെയും പിന്തുണ ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. ഓണ വിപണയില്‍ ഏറ്റവും വിശ്വാസതയുള്ള മില്‍മയുടെ വിവിധതരം ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്ത് കേരള ജനതയോടുള്ള സാമൂഹ്യ പ്രതിബന്ധത നിലനിര്‍ത്താൻ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പൂര്‍ണ സജ്ജമാണെന്നും ചെയര്‍മാന്‍ അറിയിച്ചു.