
ന്യൂഡൽഹി: പിഎഫിൽ സമഗ്രമാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായുള്ള ഇപിഎഫ്ഒ 3.0 അടുത്ത മാസം മുതൽ തന്നെ നിലവിൽ വരുമെന്നാണ് സൂചന. എ.ടി.എമ്മുകളിൽ നിന്ന് ഇനി പി.എഫ് നിക്ഷേപം പിൻവലിക്കാനാകും.
യു.പി.ഐ പേയ്മെന്റുകൾക്കും പി.എഫ് തുക ഉപയോഗിക്കാനാവും. ഇതിനൊപ്പം മിനിമം പെൻഷനും ഉയർത്തും. നിലവിലുള്ള 1000 രൂപയിൽ നിന്നും 1500 മുതൽ 2500 രൂപ വരെയാക്കിയാവും പെൻഷൻ വർധിപ്പിക്കുക.
ഒക്ടോബർ 10 മുതൽ 11 വരെ നടക്കുന്ന യോഗത്തിലാവും ഇക്കാര്യം ചർച്ചയാവുക. കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാവും യോഗം ചേരുക. ലക്ഷണക്കിന് പി.എഫ് ഉപയോക്താക്കൾ തീരുമാനം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് മുമ്പായി ഉപഭോഗം ഉയർത്താൻ ലക്ഷ്യമിട്ടാണ് ഇത്തരം മാറ്റങ്ങൾ കേന്ദ്രസർക്കാർ കൊണ്ടു വരുന്നത്.
ഇ.പി.എഫ്.ഒ 3.0 യുടെ ഏറ്റവും വലിയ ഗുണം എ.ടി.എമ്മുകൾ വഴി നേരിട്ട് പി.എഫ് തുക പിൻവലിക്കാനാകും എന്നതാണ്. ഇതിനായി അംഗങ്ങൾ യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ ആക്ടിവേറ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട് ഉറപ്പാക്കുകയും വേണം.
എ.ടി.എം ഇടപാട് പ്രാബല്യത്തിൽ വരുന്നതോടെ പെട്ടെന്ന് പണം ആവശ്യമായി വരുമ്പോൾ ഇ.പി.എഫ്.ഒക്ക് അപേക്ഷ നൽകി ആഴ്ചകളോളം കാത്തിരിക്കേണ്ടി വരില്ല.
പുതിയ സമ്പ്രദായത്തിൽ ഡെത്ത് ക്ലെയിമുകളും അതിവേഗം തീർപ്പാക്കാൻ സാധിക്കും. മൈനർമാർട്ട് ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റുകളും വേണ്ടിവരില്ല. അതോടെ അംഗം മരിച്ചാൽ നോമിനിക്ക് പി.എഫ് തുക എളുപ്പത്തിൽ ലഭിക്കും.
അത്യാവശ്യസാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പി.എഫിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിർമാണം തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയർത്തിയത്.