
മുംബൈ:ഐഡിബിഐ ബാങ്കിലെ നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കാനുള്ള മത്സരം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. എമിറേറ്റ്സ് എന്‍ബിഡി, ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഓക്ട്രീ ക്യാപിറ്റല്‍ മാനേജ്മെന്റ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഡ്ഡിംഗ് പ്രക്രിയയില്‍ പങ്കെടുക്കുന്ന ‘യോഗ്യവും ഉചിതവുമായ’ സ്ഥാപനങ്ങളാണിവയെന്ന് നിയന്ത്രണ ഏജന്‍സികള്‍ അറിയിക്കുന്നു.
ഓഹരി വില്‍പ്പനയില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇത്.
ദുബായ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എന്‍ബിഡിയും കനേഡിയന്‍ നിക്ഷേപകനായ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സുമാണ് ലേലത്തില്‍ മുന്നില്‍. താല്‍പ്പര്യത്തിന്റെയും അന്തിമ ബിഡുകള്‍ സമര്‍പ്പിക്കാനുള്ള സന്നദ്ധതയുടെയും കാര്യത്തില്‍ ഈ രണ്ട് സ്ഥാപനങ്ങളും പോരാട്ടത്തിലാണ്.
മുന്‍നിര ഇന്ത്യന്‍ ബാങ്കുകളിലൊന്നായ കൊട്ടക് മഹീന്ദ്ര ബാങ്ക് ലേലത്തില്‍ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഓക്ട്രീ ക്യാപിറ്റല്‍ മാനേജ്മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യും കേന്ദ്രസര്‍ക്കാറുമാണ് നിലവില്‍ ബാങ്കിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നത്.ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്ഥിരീകരിച്ചതുപോലെ, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ, വില്‍പ്പന പ്രക്രിയ പൂര്‍ത്തിയായേക്കും.
വില്‍പ്പന ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ ഗണ്യമായി പുനര്‍നിര്‍മ്മിക്കും. എമിറേറ്റ്സ് എന്‍ബിഡി അല്ലെങ്കില്‍ ഫെയര്‍ഫാക്സ് പോലുള്ള ഒരു വിദേശ കമ്പനി കരാര്‍ ഉറപ്പിച്ചാല്‍, അത് ആഗോള മൂലധനം, നൂതന സാങ്കേതികവിദ്യ, അന്താരാഷ്ട്ര ബാങ്കിംഗ് രീതികള്‍ എന്നിവ രാജ്യത്തെത്തിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക് ബിഡ് നേടിയാല്‍, അത് ആഭ്യന്തര സ്വകാര്യ ബാങ്കിംഗ് മേഖലയെ ഏകീകരിക്കുകയും റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗ് എന്നിവയില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും.
ഇടപാടിന്റെ വ്യാപ്തികൊണ്ട് മാത്രമല്ല, റീട്ടെയില്‍ സാന്നിധ്യംകൊണ്ടും ശാഖ ശൃംഖലകൊണ്ടും തന്ത്രപ്രധാനമാണ് ഐഡിബിഐ ബാങ്കിന്റെ സ്ഥാനം. സമീപ വര്‍ഷങ്ങളില്‍ ബാങ്ക് ഗണ്യമായ പുനഃസംഘടനയ്ക്ക് വിധേയമായി. സാമ്പത്തികമായി ശക്തമായ സ്ഥാപനം സേവന ഗുണമേന്മയിലും മുന്‍നിരയിലാണ്.