
തിരുവനന്തപുരം: ഇലക്ട്രിക് കാറുകൾ കുറഞ്ഞ പലിശയ്ക്കു സംസ്ഥാനങ്ങൾക്കു വാടകയ്ക്കെടുത്തു നൽകുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇഇഎസ്എൽ) അവസാനിപ്പിച്ചു.
ഇതോടെ കേരളത്തിലെ സർക്കാർ വകുപ്പുകൾക്കു വേണ്ടിയുള്ള കാറെടുക്കൽ പ്രതിസന്ധിയിലായി. ഇഇഎസ്എൽ വഴിയാണു വിവിധ വകുപ്പുകൾക്കു വേണ്ടി അനർട്ട് ഇലക്ട്രിക് കാറുകൾ എട്ടുവർഷത്തേക്കു വാടകയ്ക്കെടുത്തിരുന്നത്.
ലോകബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ഇഇഎസ്എലിനു കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടുമെന്നതിനാൽ സർക്കാർ വകുപ്പുകൾക്ക് ലാഭകരമായിരുന്നു ഇടപാട്. ഇനി അനർട്ടും സംസ്ഥാന സർക്കാരും പുതിയ വഴി തേടേണ്ടിവരും.
പല സംസ്ഥാനങ്ങളും തിരിച്ചടവ് മുടക്കിയതോടെയാണ് സംസ്ഥാനങ്ങളുമായുള്ള ഇടപാടിൽനിന്ന് ഇഇഎസ്എൽ കഴിഞ്ഞമാസം പിൻമാറിയത്. കേരളം ഇതുവരെ 194 കാറുകൾ ഇഇഎസ്എൽ വഴിയെടുത്തു. ഇതിൽ 70 എണ്ണം മോട്ടർ വാഹനവകുപ്പിനു വേണ്ടിയാണ്.
മോട്ടർ വാഹനവകുപ്പും തിരിച്ചടവിൽ വീഴ്ച വരുത്തി. പൊതുമേഖലാ ബാങ്കുകളിൽനിന്നു നേരിട്ടു വായ്പയെടുത്തു സർക്കാർ വകുപ്പുകൾക്കു വേണ്ടി ഇലക്ട്രിക് കാർ വാങ്ങാനാണ് ഇപ്പോൾ അനർട്ടിന്റെ ആലോചന. വായ്പാ കാലാവധി കഴിയുമ്പോൾ ഉടമസ്ഥത വകുപ്പുകൾക്കു നൽകുകയും ചെയ്യും.
അതേസമയം, സർക്കാർ വകുപ്പുകൾക്ക് ഇലക്ട്രിക് കാറുകളോട് ഇപ്പോൾ പഴയ താൽപര്യമില്ല. വില്ലേജ് ഓഫിസർമാർക്കായി 300 കാറുകൾ വാടകയ്ക്കെടുക്കാൻ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ഒരു കാർ പോലും വാങ്ങിയില്ല.
മൃഗസംരക്ഷണ വകുപ്പ് 120 കാറുകൾ വാടകയ്ക്കെടുക്കാൻ ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്നു വച്ചു. ആവശ്യത്തിനു ചാർജിങ് സ്റ്റേഷനുകളില്ലെന്ന പോരായ്മ സംസ്ഥാനത്തുണ്ട്.






