
- 2024-25 വര്‍ഷം കേരളത്തിന് ഉയര്‍ന്ന വളര്‍ച്ച
- ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു
- ധനകമ്മി കൂടി 3.02% നിന്ന് 3.86% ആയി
തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി, 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി. തനതു വരുമാനം 2.7 ശതമാനം കൂടി. തനതു നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി ഉയര്‍ന്നു.
കേരളത്തിൽ കാർഷിക മേഖലയിലും മത്സ്യ ഉൽപാദനത്തിലും വൻ കുതിപ്പ്. ഐടി മേഖലയിലും കേരളം മികവ് തുടരുകയാണ്. സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇൗ കണക്ക്. കൃഷിഭൂമിയുടെ വളർച്ചിയിലും നെൽകൃഷി ഉൽപാദനത്തിലും വളർച്ചയുണ്ട്. ഭൂമി ഉപയോഗ ഡാറ്റ അനുസരിച്ച്, 2024- 25 ൽ മൊത്തം ഭൂവിസ്തീർണമായ 38.86 ലക്ഷം ഹെക്ടറിൽ, ആകെ കൃഷിചെയ്യുന്ന പ്രദേശം 25.15 ലക്ഷം ഹെക്ടറും (64.71 ശതമാനം) വനമേഖല 10.82 ലക്ഷം ഹെക്ടറും (27.8 ശതമാനം) ആയിരുന്നു.
മൊത്തം കൃഷിഭൂമിയുടെ 30.44 ശതമാനം നാളികേരവും 21.78 ശതമാനം റബ്ബറും 28.22 ശതമാനം തോട്ടവിളകളും ആണ്. 2024- 25 ൽ നെൽക്കൃഷി മൊത്തം കൃഷിഭൂമിയുടെ 7.01 ശതമാനമായിരുന്നു. നെൽകൃഷിയുടെ വിസ്തൃതി, ഉൽപാദനം, ഉൽപാദനക്ഷമത എന്നിവ യഥാക്രമം 1.76 ലക്ഷം ഹെക്ടർ, 5.30 ലക്ഷം ടൺ, 3,006 കിലോഗ്രാം എന്നിങ്ങനെയായിരുന്നു.
2023- 24 ലെ നെല്ലിന്റെ ഉൽപാദനക്ഷമതയുമായി താരതമ്യപ്പെടുത്തുമ്പോൾ 2024- 25 ൽ ഇത് ഹെക്ടറിന് 43 കിലോഗ്രാം വീതം വർധിച്ചു. 2024- 25 ൽ പച്ചക്കറി ഉൽപാദനം (ഏത്തപ്പഴവും വാഴപ്പഴവും ഉൾപ്പെടെ) മൊത്തം 1.22 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ നിന്ന് 17.21 ലക്ഷം മെട്രിക് ടണ്ണായിരുന്ന ഉല്പാദനം 19.11 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
2024-25 ൽ മൊത്തം മത്സ്യ ഉൽപാദനം 9.28 ലക്ഷം മെട്രിക് ടണ്ണായിരുന്നു. അതിൽ ഉൾനാടൻ മത്സ്യം 2.81 ലക്ഷം ടണ്ണും ബാക്കി 6.47 ലക്ഷം ടൺ സമുദ്ര മത്സ്യവുമാണ്. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ സമുദ്രവിഭവങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ സംസ്ഥാനവും മൂല്യത്തിന്റെ കാര്യത്തിൽ രണ്ടാമതുമാണ് കേരളം. കേരളത്തിൽ നിന്നുള്ള സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വർഷങ്ങളായി വർധിച്ചുവരുന്നു. 2024-25 ൽ 6,941.29 കോടി രൂപ വിലമതിക്കുന്ന 1.80 ലക്ഷം മെട്രിക് ടൺ സമുദ്രവിഭവങ്ങൾ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്തു.
നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ബജറ്റിന് മുന്നോടിയായിട്ടാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് മേശപ്പുറത്ത് വെച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തവണ ക്ഷേമ ബജറ്റായിരിക്കുമെന്ന സൂചനയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നല്‍കുന്നത്.
വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിലെ മുൻഗണനയെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചു.






