
മുംബൈ: എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാർലൈൽ ലൈഫ് സെറ്റിൽമെന്റ് പദ്ധതികളിൽ നിക്ഷേപം നടത്തിയവർ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാൻ ഒരുങ്ങുന്നു. തെറ്റിദ്ധരിപ്പിച്ച് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ചതിനെത്തുടർന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് എഴുപത്തഞ്ചിലേറെ നിക്ഷേപകർ രംഗത്തെത്തിയത്.
1.35 കോടി ഡോളർ (ഏകദേശം 128 കോടി രൂപ) വരുന്ന നിക്ഷേപം തിരിച്ചുപിടിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർ.ബി.ഐ.) സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനെയും സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
പ്രധാന ആരോപണങ്ങൾ:
കാർലൈൽ ലൈഫ് സെറ്റിൽമെന്റ് ഉൽപ്പന്നം പൂർണമായും സുരക്ഷിതമായ നിക്ഷേപമാണെന്ന് വിശ്വസിപ്പിച്ചാണ് വിപണനം ചെയ്തത്.
ഇൻഷുറൻസ് അധിഷ്ഠിത നിക്ഷേപത്തിലൂടെ പ്രതിവർഷം 12 മുതൽ 19 ശതമാനം വരെ ആദായം ലഭിക്കുമെന്ന് ബാങ്ക് ഉറപ്പുനൽകിയിരുന്നു.
നിക്ഷേപിച്ച തുകയുടെ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ ‘ലിവറേജ്’ ബാങ്ക് വാഗ്ദാനം ചെയ്തു. ഇത് നിക്ഷേപത്തിന്റെ റിസ്‌ക് കൂട്ടുകയും കോവിഡ് കാലത്തെ വിപണി തകർച്ചയിൽ വലിയ നഷ്ടത്തിന് കാരണമാവുകയും ചെയ്തു.
കാർലൈൽ ലക്‌സംബർഗ് ലൈഫ് ഫണ്ടിൽ (Carlisle’s Luxembourg Life Fund) നിക്ഷേപിച്ചവരുടെ തുകയെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. നിക്ഷേപം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും തുക പിൻവലിക്കാൻ ബാങ്ക് അനുവദിക്കുന്നില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു.
ലിവറേജ് ഉപയോഗിച്ചുള്ള നിക്ഷേപമായതിനാൽ വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും വൻ ബാധ്യത വരുത്തിവെച്ചു. ബാങ്കിന്റെ ദുബായ് ശാഖയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പ്രധാന പരാതി.






