ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ആദായനികുതി നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ

  • ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍

തിറ്റാണ്ടുകള്‍ പഴക്കമുള്ള 1961ലെ ആദായനികുതി നിയമത്തിന് പകരമായി 2026 ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നതാണ് പുതിയ് നിയമം. എല്ലാ നികുതിദായകരും അറിഞ്ഞിരിക്കേണ്ട 10 പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്:

  1. പുതിയ നിയമം 2026-27 സാമ്പത്തിക വര്‍ഷം മുതല്‍
    2026 ലെ പുതിയ ആദായനികുതി നിയമം 2026 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. അതായത്, 2026-27 സാമ്പത്തിക വര്‍ഷത്തിലും 2027-28 അസസ്മെന്റ് വര്‍ഷത്തിലുമാണ് ഇത് ബാധകമാകുക.
  2. പിഎഫ് വിഹിതം 7.5 ലക്ഷം കടന്നാല്‍ നികുതി
    തൊഴിലുടമകള്‍ നല്‍കുന്ന റിട്ടയര്‍മെന്റ് ഫണ്ടുകളിലെ വിഹിതത്തിന് പുതിയ നികുതി വ്യവസ്ഥ വരുന്നു. പ്രൊവിഡന്റ് ഫണ്ട് , നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം , സൂപ്പര്‍ ആനുവേഷന്‍ ഫണ്ട് എന്നിവയിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതം ഒരു വര്‍ഷം 7.5 ലക്ഷം രൂപയില്‍ കൂടിയാല്‍, ആ അധിക തുകയ്ക്ക് നികുതി നല്‍കേണ്ടി വരും. ഈ അധിക തുകയില്‍ നിന്നുള്ള വരുമാനവും നികുതിയുടെ പരിധിയില്‍ വരും.
  3. കമ്പനി നല്‍കുന്ന താമസസൗകര്യത്തിന് പുതിയ മാനദണ്ഡം
    കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന താമസ സൗകര്യത്തിന്മേലുള്ള നികുതി ഇനി നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് താഴെ പറയുന്ന രീതിയിലായിരിക്കും:
    40 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 10%
    15 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍: ശമ്പളത്തിന്റെ 7.5%
    മറ്റ് സ്ഥലങ്ങളില്‍: ശമ്പളത്തിന്റെ 5%
    ജീവനക്കാരന്‍ എന്തെങ്കിലും വാടക നല്‍കുന്നുണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്ന് കുറയ്ക്കും.
  4. കമ്പനി വീട് വാടകയ്ക്ക് എടുത്ത് നല്‍കിയാല്‍
    വന്‍നഗരങ്ങളില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് ഫ്ലാറ്റുകളോ വീടുകളോ വാടകയ്ക്ക് എടുത്ത് നല്‍കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, കമ്പനി നല്‍കുന്ന യഥാര്‍ത്ഥ വാടക അല്ലെങ്കില്‍ ജീവനക്കാരന്റെ ശമ്പളത്തിന്റെ 10% – ഇതില്‍ ഏതാണോ കുറവ്, ആ തുകയായിരിക്കും നികുതി കണക്കാക്കാന്‍ ഉപയോഗിക്കുക.
  5. കമ്പനി വണ്ടികള്‍ ഉപയോഗിച്ചാല്‍
    കമ്പനി നല്‍കുന്ന കാറുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജീവനക്കാരുടെ നികുതി ബാധ്യത കണക്കാക്കാന്‍ പുതിയ നിയമത്തില്‍ കൃത്യമായ തുകകള്‍ നിശ്ചയിച്ചിട്ടുണ്ട്:
    1.6 ലിറ്റര്‍ എഞ്ചിന്‍ കപ്പാസിറ്റി വരെയുള്ള കാറുകള്‍ക്ക്: പ്രതിമാസം 5,000 രൂപ.
    1.6 ലിറ്ററിന് മുകളിലുള്ള കാറുകള്‍ക്ക്: പ്രതിമാസം 7,000 രൂപ.
    കമ്പനി ഡ്രൈവറെയും നല്‍കുന്നുണ്ടെങ്കില്‍: പ്രതിമാസം 3,000 രൂപ കൂടി അധികമായി കണക്കാക്കും.
  6. സമ്മാനങ്ങള്‍ക്ക് 15,000 രൂപ വരെ മാത്രം ഇളവ്
    ഉത്സവ സീസണുകളിലും മറ്റും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്കും ഗിഫ്റ്റ് വൗച്ചറുകള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം 15,000 രൂപ വരെ മാത്രമേ നികുതി ഇളവ് ലഭിക്കൂ. സമ്മാനങ്ങളുടെ മൂല്യം 15,000 രൂപ കടന്നാല്‍ മുഴുവന്‍ തുകയ്ക്കും നികുതി നല്‍കേണ്ടി വരും.
  7. ഓഫീസില്‍ നിന്നുള്ള ഭക്ഷണത്തിന് 200 രൂപ വരെ ഇളവ്
    ഓഫീസ് സമയത്ത് കമ്പനി നല്‍കുന്ന സൗജന്യ ഭക്ഷണത്തിന് നികുതി ഇളവ് തുടരും. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിന്റെ മൂല്യം 200 രൂപയില്‍ കവിയാന്‍ പാടില്ല. ഓഫീസ് കാന്റീന്‍, മീല്‍ വൗച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
  8. കമ്പനിയില്‍ നിന്നുള്ള വായ്പകള്‍
    തൊഴിലുടമയില്‍ നിന്ന് എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കും, പ്രത്യേക ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള വായ്പകള്‍ക്കും നികുതി ഈടാക്കില്ല. എന്നാല്‍ ഇതിന് മുകളിലുള്ള വായ്പകള്‍ക്ക്, സമാനമായ വായ്പകള്‍ക്ക് എസ്.ബി.ഐ ഈടാക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി നികുതി കണക്കാക്കും.
  9. നികുതി രഹിത വരുമാനത്തിലെ നിക്ഷേപങ്ങള്‍
    നികുതി ഇളവുള്ള ചില നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട ചെലവുകള്‍ എങ്ങനെ കണക്കാക്കാമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ശരാശരി വാര്‍ഷിക നിക്ഷേപ മൂല്യത്തിന്റെ 1 ശതമാനം ഇതിനായുള്ള ചെലവായി കണക്കാക്കും. എന്നാല്‍ നികുതിദായകന്‍ ക്ലെയിം ചെയ്യുന്ന ആകെ ചെലവിനേക്കാള്‍ കൂടുതലാകാന്‍ ഇത് പാടില്ല.
  10. വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും നികുതി
    ഇന്ത്യയില്‍ കാര്യമായ സാമ്പത്തിക സാന്നിധ്യമുള്ള വിദേശ ഡിജിറ്റല്‍ ബിസിനസുകളെയും പുതിയ നിയമം നികുതി പരിധിയില്‍ കൊണ്ടുവരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ 2 കോടി രൂപ കടക്കുകയോ, അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഈ കമ്പനികള്‍ ഇന്ത്യയില്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണ്.

X
Top