
സമാനതകളില്ലാത്ത ഒരു സംരഭക യാത്രയാണ്, വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 25-ലധികം കമ്പനികളുടെ ആഗോള കൂട്ടായ്മയായ നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ജവാദ് കെ. ഹസന്റേത്. വെര്‍ജീനിയയിലെ സ്റ്റെര്‍ലിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് സോഫ്‌റ്റ്വെയര്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, ഫൈബര്‍ ഒപ്റ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന വ്യവസായങ്ങളില്‍ നിര്‍ണായക സാന്നിധ്യമുള്ള സാങ്കേതിക സ്ഥാപനമായി വളര്‍ന്നത് പതിറ്റാണ്ടുകളിലെ ഇന്ത്യന്‍ ടെക് മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാകുന്നു. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിങ്ങനെ വ്യത്യസ്ത ഭൗമ മേഖലകളിലായി 4,000-ത്തിലധികം ജീവനക്കാര്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ്.
കാലത്തിന് മുന്‍പേ സഞ്ചരിച്ച സംരംഭകനെന്ന് ജവാദ് ഹസനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടാകില്ല. യുഎസിലെ ഉപരിപഠനവും അവിടേക്കുള്ള കുടിയേറ്റവും മലയാളികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്കയിലെത്തിയ അദ്ദേഹം ബ്രിജ്പോര്‍ട്ട് സര്‍വകലാശാലയില്‍ നിന്ന് മെറ്റിരിയല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. കൊളംബിയ സര്‍വകലാശാലയില്‍ ആയിരുന്നു പിന്നീട് ഉപരിപഠനം. ഐബിഎം, എഎംപി എന്നീ മുന്‍നിര കമ്പനികളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യയില്‍ ഇരുപതിലധികം പേറ്റന്റുകള്‍ക്ക് ഉടമയാണ് അദ്ദേഹം. പോലീസ് ഓഫീസര്‍ ആയിരുന്ന നാഗൂര്‍ റാവുത്തരുടേയും ഖദീജാ ബീവിയുടേയും മൂത്തമകനായി കേരളത്തില്‍ ജനിച്ച ജവാദ് ഹസന് പിറന്ന നാടിനോടുള്ള സ്നേഹം എക്കാലവും അഗാധമായിരുന്നു. കേരളത്തോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായാണ് അദ്ദേഹം അനുജന്‍ ജഹാംഗീറിനൊപ്പം ചേര്‍ന്ന് കേരളത്തില്‍ നെസ്റ്റ് ഗ്രൂപ്പ് തുടങ്ങുന്നത്. ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ നിര്‍മാണ രംഗത്ത് സജീവമായ എസ്എഫ്ഒ ടെക്‌നോളജീസിന് 1990-ല്‍ തുടക്കമായി. 1998-ല്‍ ഗ്രൂപ്പിന് കീഴില്‍ നെസ്റ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ഇരു കമ്പനികള്‍ക്കും കഴിഞ്ഞു.






