
ന്യൂഡൽഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. വ്യക്തികളിൽ നിന്ന് സ്ഥാപനങ്ങൾ ഓൺലൈനായി അനുമതി തേടുന്നതിനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആയ ഡിജിറ്റൽ കൺസൻ്റ് അക്വിസിഷൻ പ്ലാറ്റ്‌ഫോം (DCAP) ഉടൻ യാഥാർത്ഥ്യമാകും. പരസ്യ കോളുകളും എസ്.എം.എസ്.സുകളും നിയന്ത്രിക്കാനാണ് പുതിയ സംവിധാനം. ഉപയോക്താവിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളുടെ പരസ്യ വിളികളും എസ്.എം.എസ്.സുകളും സ്വീകരിക്കാമോ എന്ന് ഈ പ്ലാറ്റ്‌ഫോം വഴി തീരുമാനിക്കാം. ഉപയോക്താവ് അനുമതി നൽകുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഭാവിയിൽ എസ്.എം.എസ്. അയക്കാനോ വിളിക്കാനോ കഴിയൂ. നിലവിൽ പരസ്യ എസ്.എം.എസ്./കോളുകൾ ലഭിക്കാതിരിക്കാൻ ഉപയോക്താവ് ‘ഡു നോട്ട് ഡിസ്റ്റർബ്’ (DND) ഓപ്ഷൻ ഉപയോഗിക്കണമായിരുന്നു. എന്നാൽ ഏതെങ്കിലുമൊരു സ്ഥാപനത്തിന് നൽകിയ അനുമതി പിന്നീട് നീക്കം ചെയ്യാനുള്ള സൗകര്യവും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഉണ്ടാകും. ഇതിലൂടെ വാണിജ്യ ആശയവിനിമയം നടത്തുന്ന എല്ലാ സ്ഥാപനങ്ങളെയും ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ കൊണ്ടുവരാനാണ് നീക്കം.
പ്ലാറ്റ്‌ഫോം സജ്ജമാകുമ്പോൾ കമ്പനികൾ 127xxx എന്ന ഫോർമാറ്റിലുള്ള നമ്പറിൽ നിന്ന് അനുമതി തേടി സന്ദേശം അയയ്ക്കണം. അനുമതി തേടിയുള്ള സന്ദേശം നിരാകരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ അടുത്ത 90 ദിവസത്തേക്ക് മെസേജ് അയയ്ക്കാൻ കഴിയില്ല. അനുമതി തേടിയുള്ള എസ്.എം.എസ്.സുകൾ സ്വീകരിക്കാൻ താൽപര്യമില്ലെങ്കിൽ അത് നിർത്താനുള്ള സംവിധാനവുമുണ്ടാകും. ഇതിനോടകം 11 ബാങ്കുകളുമായി ചേർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പൈലറ്റ് പദ്ധതിയും ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, കോട്ടക് മഹീന്ദ്ര, ഇൻഡസ് ഇൻഡ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡിസിഎ യാഥാർത്ഥ്യമാകുന്നതിനു മുൻപ് പേപ്പർ ഫോം വഴിയും മറ്റും പല കാലങ്ങളിലായി പൊതുജനങ്ങളിൽ നിന്ന് തേടിയ അനുമതികളും ഈ പ്ലാറ്റ്‌ഫോമിൽ സ്ഥാപനങ്ങൾ ഡിജിറ്റലായി അപ്ലോഡ് ചെയ്യണം. ബാങ്കുകൾ ഈ പ്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതുവരെ ഡിജിറ്റൈസ് ചെയ്യപ്പെട്ടവർക്ക് 127000 എന്ന നമ്പറിൽ നിന്ന് എസ്.എം.എസ്. ലഭിക്കും. ഡിസിഎ പേജിലേക്ക് പോകാനുള്ള ലിങ്കും എസ്.എം.എസിലുണ്ടാകും. റജിസ്‌റ്റേഡ് നമ്പറുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നൽകിയ അനുമതി അതിൽ കാണാനും, മാറ്റം വരുത്താനും അവസരമുണ്ട്. ഇതിനായി വ്യക്തി വിവരങ്ങൾ നൽകേണ്ടതില്ല. കൂടാതെ ഡിസിഎ നടപ്പാക്കിക്കഴിഞ്ഞാൽ മറ്റൊരു മാർഗം വഴിയും കമ്പനികൾ ഉപയോക്താവിൽ നിന്ന് തേടുന്ന അനുമതിക്ക് സാധുതയുണ്ടാകില്ല.






