
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ഡയാലിസിസ് ശൃംഖല, നെഫ്രോപ്ലസ് നടത്തുന്ന നെഫ്രോകെയര്‍ ഹെല്‍ത്ത് സര്‍വീസസ് ലിമിറ്റഡ് 2,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. നടപ്പ് മാസം അവസാനം കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചേയ്ക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡയാലിസിസ് മേഖലയിലെ ആദ്യത്തെ മെയിന്‍ബോര്‍ഡ് ലിസ്റ്റിംഗായിരിക്കും നെഫ്രോകയെറിന്റേത്.
2010ല്‍ വിക്രം വുപ്പലയും കമല്‍ ഡി ഷായും ചേര്‍ന്ന് സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഇന്ത്യയിലുടനീളം 447-ലധികം ഡയാലിസിസ് സെന്ററുകള്‍ നടത്തുന്നു. ഈയിടെ ഫിലിപ്പീന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിച്ചു. ഇന്ത്യ റേറ്റിംഗിന്റെ ‘IND A+/Positive’ ക്രെഡിറ്റ് റേറ്റിംഗ് നേടാനും ഈയിടെ കമ്പനിയ്ക്കായി.
മികച്ച സാമ്പത്തിക പ്രകടനവും മെച്ചപ്പെട്ട മൂലധനത്തില്‍ നിന്നുള്ള വരുമാനവും (ആര്‍ഒസിഇ) കണക്കിലെടുത്താണിത്. 2025 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ സംയോജിത വരുമാനം 749.4 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം കൂടുതല്‍.
ഇബിറ്റ മാര്‍ജിന്‍ 22.5 ശതമാനമായി മെച്ചപ്പെട്ടപ്പോള്‍ അറ്റ കടം 0.40 മടങ്ങ് കുറഞ്ഞു.സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്വാഡ്രിയ ക്യാപിറ്റല്‍ നെഫ്രോപ്ലസില്‍ ഇതിനോടകം 850 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റ്‌കോര്‍പ്പ്, ബെസ്സെമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ഐഎഫ്‌സി, ഐഐഎഫ്എല്‍ പ്രൈവറ്റ് ഇക്വിറ്റി എന്നിവയുടെ ഓഹരികളാണ് ക്വാഡ്രിയ ഏറ്റെടുത്തത്.
ഐപിഒയില്‍ നിന്നുള്ള വരുമാനം, പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.