
തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തിന്റെ (2025-26) ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്റ്റംബർ) പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടു. മൊത്തം ബിസിനസ് മുൻവർഷത്തെ സമാനകാലത്തെ 25,650 കോടി രൂപയിൽ നിന്ന് 17.53% വർധിച്ച് 30,147 കോടി രൂപയായെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.
മൊത്തം നിക്ഷേപം 14,632 കോടി രൂപയിൽ നിന്ന് 17,103 കോടി രൂപയായി മെച്ചപ്പെട്ടു; വളർച്ച 16.89%. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 4,937 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 4,633 കോടി രൂപയിൽ നിന്ന് ഇത് 6.56% ഉയർന്നു.
മൊത്തം വായ്പകൾ 11,018 കോടി രൂപയിൽ നിന്നുയർന്ന് 13,044 കോടി രൂപയായി. 18.39 ശതമാനമാണ് വളർച്ച. സ്വർണപ്പണയ വായ്പകളിലാണ് ബാങ്ക് ഏറ്റവുമധികം മുന്നേറ്റം കാഴ്ചവച്ചത്. 3,373 കോടി രൂപയിൽ നിന്ന് സ്വർണപ്പണയ വായ്പാമൂല്യം ഇക്കുറി 4,447 കോടി രൂപയിലെത്തി; 31.84 ശതമാനമാണ് വളർച്ച.
ഓഹരി വിപണിയിലെ കഴിഞ്ഞ സെഷനിൽ 0.68% ഉയർന്ന് 25.32 രൂപയിലാണ് ധനലക്ഷ്മി ബാങ്ക് ഓഹരികൾ വ്യാപാരം പൂർത്തിയാക്കിയത്. 999.38 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞ ഡിസംബർ 26ലെ 45 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച ഈ വർഷം ജനുവരി 28ലെ 22 രൂപയും.