
തൃശൂര്‍: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കാന്‍ തയ്യാറാകണമെന്ന് ധനകാര്യ സ്ഥാപനങ്ങളോട് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജേശ്വര റാവു.എംഎസ്എംഇ മേഖലയെ അവസരങ്ങളുടെ മേഖലയായി കാണാന്‍ വായ്പാദാതാക്കള്‍ തയ്യാറാകണം.
”ഇന്ത്യയുടെ ക്രെഡിറ്റ് വിപണിയിലെ നിര്‍ണായക പ്രശ്‌നം എംഎസ്എംഇകള്‍ക്ക് ആവശ്യത്തിന് വായ്പ ലഭ്യമാകുന്നില്ല എന്നാണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും എംഎസ്എംഇയെ അവസരങ്ങളുടെ മേഖലയായി കാണേണ്ടതുണ്ട്, ” തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്റെ 31-ാമത് വാര്‍ഷിക മാനേജ്മെന്റ് കണ്‍വെന്‍ഷനില്‍ റാവു പറഞ്ഞു.
ജിഡിപിയ്ക്ക് 30 ശതമാനവും ഉത്പാദനത്തിലും കയറ്റുമതിയിലും 45 ശതമാനം വീതവും എംഎസ്എംഇ മേഖല സംഭാവന ചെയ്യുന്നുണ്ട്. കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്ക് മാറുന്നതിനും ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചും ആഘാതത്തെക്കുറിച്ചും ഏവരും ബോധവാന്മാരാണ്.
ഹരിത പദ്ധതികള്‍ വികസിപ്പിക്കുന്നതിലൂടെ കുറഞ്ഞ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം എളുപ്പമാകും. ഇത്തരം സുസ്ഥിര പദ്ധതികള്‍ നിലവില്‍ വരാന്‍ ബാങ്കുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും, റാവു വിശദീകരിച്ചു.