
ടാറ്റ ഗ്രൂപ്പിലെ അധികാര തര്‍ക്കങ്ങള്‍ക്കിടെ ടാറ്റ സണ്‍സിന്റെ ഓഹരി പ്രവേശനം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലിസ്റ്റിങ്ങിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന ടാറ്റാ ട്രസ്റ്റിലെ നിരവധി അംഗങ്ങള്‍ ഇപ്പോള്‍ അനുകൂലമായ നിലപാടിലേക്ക് മാറുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ സണ്‍സിലെ 18.4 ശതമാനം ഓഹരിയുള്ള ശപോര്‍ജി പല്ലോന്‍ജി (എസ്.പി)ഗ്രൂപ്പ് ഐ.പി.ഒ ആവശ്യവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ സമാന ആവശ്യം ഉന്നയിച്ചത്. കമ്പനിയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് റിസര്‍വ് ബാങ്കും ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുവദിച്ചിരുന്ന കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ച ഘട്ടത്തിലാണ് ഗ്രൂപ്പ് ആവശ്യം പരസ്യമാക്കിയത്.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളെ നിയന്ത്രിക്കുന്ന കമ്പനിയാണ് ടാറ്റ സണ്‍സ്. ഇതിലെ 66 ശതമാനം ഓഹരിയും ടാറ്റ ട്രസ്‌റ്റെന്ന ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ്. ടാറ്റ സണ്‍സിന്റെ ഓഹരി പ്രവേശനത്തോട് ടാറ്റ ട്രസ്റ്റിന് വലിയ താത്പര്യമില്ല. എന്നാല്‍ കമ്പനിയെ ലിസ്റ്റ് ചെയ്യണമെന്ന് എസ്.പി ഗ്രൂപ്പ് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇതിലൂടെ കമ്പനിയില്‍ കൂടുതല്‍ സുതാര്യതയും പ്രവര്‍ത്തന മികവും കൊണ്ടുവരാനാകുമെന്നാണ് എസ്.പി ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് എസ്.പി ഗ്രൂപ്പിന്റെ ആവശ്യത്തിന് പിന്നിലെന്നാണ് സൂചന. വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഓഹരികള്‍ വില്‍ക്കാനും അതിലൂടെ കടംവീട്ടാനും ഗ്രൂപ്പിന് സാധിക്കും.
ടാറ്റ ഗ്രൂപ്പിലെ അധികാര തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ കമ്പനിയിലെ ഉന്നതരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇതിന് പിന്നാലെയാണ് ലിസ്റ്റിംഗിനെച്ചൊല്ലിയുള്ള തര്‍ക്കവും പുറത്തായത്.
എന്നാല്‍ ഗ്രൂപ്പിലെ ട്രസ്റ്റികള്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കിലും ഇക്കാര്യം പരസ്യമാക്കേണ്ടെന്നാണ് ടാറ്റ ഗ്രൂപ്പ് കരുതുന്നത്. കമ്പനിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത ലിസ്റ്റിംഗിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്.
2016ല്‍ സൈറസ് മിസ്ട്രിയെ പുറത്താക്കിയത് മുതല്‍ ടാറ്റ സണ്‍സിനെ ലിസ്റ്റ് ചെയ്യണമെന്ന് വാദിക്കുന്നവരാണ് എസ്.പി ഗ്രൂപ്പ്. ടാറ്റ സണ്‍സിലെ മുഴുവന്‍ ഓഹരികളും ഈടാക്കി എസ്.പി ഗ്രൂപ്പ് പ്രൈവറ്റ് ഇക്വിറ്റികള്‍ വഴി പണം സമാഹരിച്ചിരുന്നു. വിവിധ ഗ്രൂപ്പ് കമ്പനികളിലെ എസ്.പി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഏതാണ്ട് മൂന്ന് ലക്ഷം കോടി രൂപയോളം ഉണ്ടെന്നാണ് കണക്ക്.
ലിസ്റ്റിംഗുണ്ടായാല്‍ എല്ലാ ഓഹരി ഉടമകള്‍ക്കും നേട്ടമാകുമെന്നാണ് എസ്.പി ഗ്രൂപ്പിന്റെ നിലപാട്. പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിലൂടെ ടാറ്റാ സണ്‍സിലെ പരോക്ഷ നിക്ഷേപകരായ 1.2 കോടിയിലധികം ഓഹരി ഉടമകള്‍ക്ക് വലിയ മൂല്യവര്‍ധനവുണ്ടാകും. സുതാര്യത ഉറപ്പാക്കാന്‍ ലിസ്റ്റിങ് അനിവാര്യമാണെന്ന വാദമാണ് നിലവില്‍ ശക്തമാകുന്നത്.
2022ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (എന്‍.ബി.എഫ്.സി) നാല് തട്ടുകളായി തിരിച്ചിട്ടുണ്ട്. ഇവയുടെ വലുപ്പം, പ്രവര്‍ത്തനങ്ങള്‍, റിസ്‌ക്ക് എന്നിവയെ അടിസ്ഥാനമാക്കിയാണ് വര്‍ഗീകരണം. വലിയ നിക്ഷേപങ്ങളുള്ള ടാറ്റ സണ്‍സിനെ അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സി ആയിട്ടാണ് ആര്‍.ബി.ഐ പരിഗണിക്കുന്നത്. ഇത്തരം കമ്പനികള്‍ 2025 സെപ്റ്റംബര്‍ 30ന് മുമ്പ് ലിസ്റ്റിംഗ് പൂര്‍ത്തിയാക്കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദ്ദേശം.
എന്നാല്‍ ടാറ്റ സണ്‍സിനെ സ്വകാര്യ കമ്പനിയായി നിലനിറുത്താനാണ് ടാറ്റ ട്രസ്റ്റ് ആഗ്രഹിക്കുന്നത്. ഇതിനായി കഴിഞ്ഞ വര്‍ഷം ടാറ്റ സണ്‍സ് തങ്ങളുടെ എന്‍.ബി.എഫ്.സി ലൈസന്‍സ് തിരികെ നല്‍കുകയും 20,300 കോടി രൂപയുടെ വായ്പ അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം വേണ്ട രീതിയില്‍ അറിയിച്ചില്ലെന്ന പരാതിയും എസ്.പി ഗ്രൂപ്പിനുണ്ട്.
അതേസമയം, ടാറ്റ സണ്‍സിനൊപ്പം ലിസ്റ്റിംഗ് നടത്തണമെന്ന് ആര്‍.ബി.ഐ നിര്‍ദ്ദേശിച്ച ടാറ്റ ക്യാപിറ്റലിന്റെ ഐ.പി.ഒ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. ടാറ്റ സണ്‍സിന്റെ ഓഹരി പ്രവേശനവും ഉടനുണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.