
കൊച്ചി: ഓഗസ്റ്റ് മാസത്തിലെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്. ടീ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഉല്‍പ്പാദനം 170.12 ദശലക്ഷം കിലോഗ്രാമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേമാസത്തില്‍ ഉല്‍പ്പാദനം 184 ദശലക്ഷം കിലോ ആയിരുന്നു.
പ്രധാനമായും കാലാവസ്ഥാ വ്യതിയാനമാണ് തേയില ഉല്‍പ്പാദനത്തിന് തിച്ചടിയായത്. കനത്തതും ക്രമരഹിതവുമായ മഴ തേയിലത്തോട്ടങ്ങളില്‍വിനാശം വിതച്ചു. ഇത് ഡാര്‍ജിലിംഗ് കുന്നുകള്‍ പോലുള്ള ചില പ്രദേശങ്ങളില്‍ ഉത്പാദനം കുറയാന്‍ കാരണമായി.
ഓഗസ്റ്റില്‍ ആസാമിലെ ഉല്‍പാദനം 104.46 ദശലക്ഷം കിലോഗ്രാമില്‍ നിന്ന് നേരിയ തോതില്‍ കുറഞ്ഞ് 103.52 ദശലക്ഷം കിലോ ആയി. പശ്ചിമ ബംഗാളില്‍, ഉല്‍പ്പാദനം 45.90 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ബംഗാളില്‍ ഇതേ കാലയളവില്‍ 56 ദശലക്ഷം കിലോ തേയില ഉല്‍പ്പാദിപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ഉത്തരേന്ത്യയിലെ തേയില ഉത്പാദനം 153.99 ദശലക്ഷം കിലോ ആയി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിഭാഗം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം, വടക്കേ ഇന്ത്യയിലെ സിടിസി ഇനത്തിന്റെ ഉത്പാദനം ഓഗസ്റ്റില്‍ 135.59 ദശലക്ഷം കിലോഗ്രാമായി കുറഞ്ഞു. 2024 ലെ അതേ മാസത്തില്‍ ഇത് 150.76 ദശലക്ഷം കിലോ ആയിരുന്നു.
ദക്ഷിണേന്ത്യയില്‍, സി.ടി.സി തേയിലയുടെ ഉത്പാദനം ഓഗസ്റ്റില്‍ 13.13 ദശലക്ഷം കിലോ ആയി കുറഞ്ഞു. അതേസമയം ഓഗസ്റ്റില്‍ രാജ്യത്തെ ഓര്‍ത്തഡോക്‌സ് ഇനങ്ങളുടെ ഉത്പാദനം 19.22 ദശലക്ഷം കിലോഗ്രാം ആയി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 15.81 ദശലക്ഷം കിലോഗ്രാം ആയിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.