
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ രംഗത്തെ മുന്‍നിര സ്ഥാപനമായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്), 1971-ലാണ് സ്ഥാപിതമായത്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കുന്ന മാതൃകാ സര്‍വകലാശാലയെന്ന് കുസാറ്റിന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ബിരുദാനന്തരബിരുദ പഠനത്തിനു മാത്രമായി ഒരു സര്‍വകലാശാല എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കൊച്ചിന്‍’ എന്നായിരുന്നു ആദ്യം നല്‍കിയ പേര്. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി ആയിരുന്നു പ്രഥമ വൈസ് ചാന്‍സലര്‍. 1986-ല്‍ സര്‍വാകലാശാലയെ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന് പുനര്‍നാമകരണം ചെയ്തു. അതോടൊപ്പം സര്‍വകലാശാലയുടെ ലക്ഷ്യം ബിരുദ, ബിരുദാനന്തര ബിരുദ മേഖലകളില്‍ പഠനവും അപ്ലൈഡ് സയന്‍സ്, ടെക്‌നോളജി, ഇന്‍ഡസ്ട്രി,കൊമേഴ്‌സ്,മാനേജ്‌മെന്റ്, സോഷ്യല്‍ സയന്‍സ് എന്നീ മേഖലകളില്‍ ഗവേഷണവും ആയി പുനര്‍നിശ്ചയിക്കുകയും ചെയ്തു.
വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിലെ അത്യാധുനിക സജ്ജീകരണങ്ങളും സര്‍വകലാശാലയില്‍ ലഭ്യമാണെന്നത് വലിയൊരു മേന്മയാണ്. അത്യാധുനിക ഹൈബ്രിഡ് സൂപ്പര്‍ കമ്പ്യൂട്ടിംഗ് സംവിധാനമായ ‘തേജസ്വി’, ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. കാലാവസ്ഥാ മോഡലിംഗ്, കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ ശാസ്ത്രീയ സിമുലേഷനുകള്‍ക്കും, ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ജോലികള്‍ക്കുമുള്ള ഒരു സമഗ്ര പ്ലാറ്റ്ഫോം ഇതില്‍ ലഭ്യമാകും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ സഹായത്തോടെയാണ് ഈ സൗകര്യം ലഭ്യമാക്കിയത്. സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് കാലാവസ്ഥാ ഗവേഷണരംഗത്ത് നല്‍കുന്ന സംഭാവനകളും നിസ്തുലമാണ്. ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്സ് എസ്ടി റഡാര്‍ സംവിധാനം 2015-ല്‍ കുസാറ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.






