
ദുബായ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇന്നലെ ക്രൂഡ് ഓയില്‍ വില മൂന്ന് ശതമാനം ഉയര്‍ന്ന് ബാരലിന് 120 ഡോളറിന് അരികെയെത്തി. യുഎസ് കരസേന ഇറാനെ ആക്രമിക്കുമെന്ന സൂചനയാണ് ക്രൂഡ് ഓയില്‍ വില വീണ്ടും 120 ഡോളറിന് അരികിലേക്ക് ഉയരുന്നതിന് വഴിവെച്ചത്.
യുഎസ് ഭരണകൂടം ഇറാനില്‍ ആഴ്‌ചകളോളം നീളുന്ന ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്ക് തയാറെടുക്കുന്നതായി വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. അതേ സമയം അമേരിക്കന്‍ സൈന്യം ഇറാന്റെ ഭൂപ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ തീമഴ പെയ്യുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി.
യെമനിലെ ഹൂത്തി വിമതര്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രേയലിനെതിരെ ആക്രമണം നടത്തിയിരുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം ഹൂത്തി വിമതര്‍ ഇസ്രയേലിനെതിരെ നടത്തുന്ന ആദ്യത്തെ ആക്രമണം ആണിത്. യുദ്ധത്തിന്റെ തുടക്കത്തില്‍ കണ്ട 120 ഡോളര്‍ നിരക്കിലേക്കാണ് വില വീണ്ടും നീങ്ങിയത്. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം 90 ശതമാനവും തടസപ്പെട്ട നിലയിലാണ്.
ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഇതു വഴിയാണ് നടക്കുന്നത്. സംഘര്‍ഷം നീണ്ടാല്‍ സമീപഭാവിയില്‍ തന്നെ ക്രൂഡ് ഓയില്‍ 150 ഡോളര്‍ വരെ എത്തിയേക്കുമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഹോര്‍മൂസ് കടലിടുക്ക് ദീര്‍ഘനാളത്തേക്ക് അടഞ്ഞുകിടക്കുകയാണെങ്കില്‍ എണ്ണ വില ഉയരുമെന്ന് ഉറപ്പാണ്.
യുദ്ധം തുടരുകയാണെങ്കില്‍ എണ്ണ വില ബാരലിന് 200 ഡോളറിലെത്തുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനുള്ള സാധ്യത അന്തര്‍ദേശീയ ഗവേഷണ സ്ഥാപനങ്ങളും ഇപ്പോള്‍ ചൂണ്ടികാട്ടുന്നു. എണ്ണ വില 125 ഡോളര്‍ കടന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കും. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ലാഭം കുറയുകയും സബ്‌സിഡി ഭാരം ഉയരുകയും ചെയ്യും.
ആദ്യത്തെ 40 ഡോളര്‍ വരെയുള്ള വിലവര്‍ധന സര്‍ക്കാരിന് നികുതി ക്രമീകരണങ്ങളിലൂടെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് മുകളിലുള്ള വര്‍ധന സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആഘാതമുണ്ടാക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു.






