
കൊച്ചി: ടീമുകളുടെ പങ്കാളിത്തം കൊണ്ടും കളിക്കാരുടെ എണ്ണം കൊണ്ടും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ആരംഭിക്കുന്ന റോഡ്‌മേറ്റ് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കും. കേരള പോലീസ്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്, സ്‌റ്റേറ്റ് എക്‌സൈസ്, സെലിബ്രട്ടി ക്രിക്കറ്റേഴ്‌സ് ടീമുകള്‍, മീഡിയ ടീമുകള്‍ അടക്കം 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആറ് ഓവര്‍ മത്സരമാണ്. രാവിലെ ഏഴിന് ആരംഭിച്ച് രാത്രി എട്ടിന് അവസാനിക്കും. കാണികള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
‘ലഹരിയോട് നോ പറയുക ജീവിതത്തോട് യെസ് പറയുക’ എന്നതാണ് ടൂര്‍ണമെന്റിന്റെ സന്ദേശമെന്ന് മാനേജിംഗ് ഡയറക്ടര്‍ സി പി ജിയാദ് പറഞ്ഞു. സൗത്ത് ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 5000 ടീമുകളും 60,000 കളിക്കാരുമാണ് മൂന്ന് മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക.14 ജില്ലകളിലെ വിവിധ വേദികളിലായി മത്സരങ്ങള്‍ നടക്കും. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മത്സരം വീക്ഷിക്കാന്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്‌സിന്റെ ഒഫീഷ്യല്‍സ് അടക്കം പ്രമുഖര്‍ എത്തും. ഇത്രയേറെ ടീമുകളും കളിക്കാരും പങ്കെടുക്കുന്ന മറ്റൊരു ടൂര്‍ണമെന്റ് ലോകത്തെവിടെയും ഇല്ലെന്നും ജിയാദ് പറഞ്ഞു.






