
ന്യൂഡല്‍ഹി: ഓംബുഡ്സ്മാന്‍ സ്‌കീമുകള്‍ക്കും ഉപഭോക്തൃ വിദ്യാഭ്യാസ സംരക്ഷണ സെല്ലുകള്‍ക്കും കീഴില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ചത് 4,18,184 പരാതികള്‍. 2021-22 സാമ്പത്തികവര്‍ഷത്തെ കണക്കാണിത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.39 ശതമാനം വര്‍ധനവാണ് ഇത്.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3,82,292 പരാതികള്‍ മാത്രമായിരുന്നു ലഭിച്ചത്. 2021-22 ല്‍ 42 ശതമാനവും ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ടതാണ്. ബുധനാഴ്ച പുറത്തുവിട്ട ഓംബുഡ്സ്മാന്‍ സ്‌കീം 2021-22 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
മുന്‍ സാമ്പത്തിക വര്‍ഷം ലഭിച്ച മൊത്തം പരാതികളില്‍ 3,04,496 എണ്ണം ആര്‍ബിഐ ഓംബുഡ്സ്മാന്റെ (ORBIO) 22 ഓഫീസുകള്‍ കൈകാര്യം ചെയ്തു. 2021 നവംബര്‍ 11 വരെയുള്ള പഴയ മൂന്ന് ഓംബുഡ്സ്മാന്‍ സ്‌കീമുകള്‍ക്ക് കീഴില്‍ ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ. പരാതികളുടെ തീര്‍പ്പാക്കല്‍ നിരക്ക് 2020-21 ലെ 96.59 ശതമാനത്തില്‍ നിന്ന് 2021-22 ല്‍ 97.97 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്.
പരാതികളില്‍ ഭൂരിഭാഗവും (63.63 ശതമാനം) പരസ്പര പരിഹാരത്തിലൂടെയോ അനുരഞ്ജനത്തിലൂടെയോ മധ്യസ്ഥതയിലൂടെയോ ആണ് പരിഹരിക്കപ്പെട്ടത്.
‘ബാങ്കുകള്‍ക്കായുള്ള പരാതി പരിഹാര ചട്ടക്കൂട് ശക്തിപ്പെടുത്തല്‍’ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യാനിരിക്കയാണ് നിലവില്‍ ആര്‍ബിഐ. ഇതോടെ കൂടുതല്‍ നിയന്ത്രിത സ്ഥാപനങ്ങളിലേക്ക് ഇന്റേണല്‍ ഓംബുഡ്സ്മാന്‍ സ്‌കീം വ്യാപിക്കും.
2021 നവംബര്‍ 12-നാണ് റിസര്‍വ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ സ്‌കീം (RB-IOS) ആരംഭിച്ചത്. മൂന്ന് പഴയ ഓംബുഡ്‌സ്മാന്‍ സ്‌കീമുകള്‍ – ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ സ്‌കീം, 2006; നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി ഓംബുഡ്‌സ്മാന്‍ സ്‌കീം, 2018; ഡിജിറ്റല്‍ ഓംബുഡ്സ്മാന്‍ സ്‌കീം എന്നിവ സംയോജിപ്പിക്കയായിരുന്നു.






