
കൊച്ചി: കേരളത്തിലെ പൊക്കാളി നിലങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സംയോജിത നെല്ല്-മത്സ്യ കൃഷിയുടെ സാധ്യതകൾ വിലയിരുത്താൻ വിശദമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂർ. കർഷകരുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും വരുമാനം വർധിപ്പിക്കുന്ന രീതിയിൽ പൊക്കാളി കൃഷി കാര്യക്ഷമമാക്കാൻ ഇത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സീസണൽ നിയന്ത്രണങ്ങൾക്ക് പകരം വർഷം മുഴുവൻ മത്സ്യ കൃഷി അനുവദിക്കണമെന്ന കർഷകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പൊക്കാളി പാടങ്ങൾ സന്ദർശിച്ച വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിൽ, ഉപ്പ് വെള്ളത്തിന്റെ അംശം കുറവുള്ള ജൂൺ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നെൽ കൃഷിയും, ലവണാംശം കൂടുതലുള്ള നവംബർ മുതൽ ഏപ്രിൽ വരെ മത്സ്യ കൃഷിയുമാണ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള നിയമങ്ങൾ, പരിസ്ഥിതി ആഘാതങ്ങൾ, ദീർഘകാല സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കാനാകൂവെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഉത്പാദനക്ഷമത, കർഷകരുടെയും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും ഉപജീവന മാർഗം, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ശാസ്ത്രീയ വിലയിരുത്തലുകൾ അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമാണ് (കെവികെ) കേന്ദ്രമന്ത്രിയുടെ സന്ദർശനം ഏകോപിപ്പിച്ചത്. സംസ്ഥാന സർക്കാർ അനുമതി നൽകുകയാണെങ്കിൽ, വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന സംയോജിത കൃഷിയുടെ സാധ്യതകൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാൻ കെ വി കെ തയ്യാറാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
ഇതിനായി കുറഞ്ഞത് 50 ഏക്കർ എങ്കിലും വരുന്ന പൊക്കാളി നിലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സിഎംഎഫ്ആർഐയിലും സന്ദർശനം നടത്തി. സിഎംഎഫ്ആർഐയുടെയും നാളികേര വികസന ബോർഡിന്റെയും പ്രവർത്തനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും വിലയിരുത്തി. പട്ടാളപ്പുഴു ഉപയോഗിച്ച് നിർമിച്ച സിഎംഎഫ്ആർഐയുടെ ഗ്രീൻ ഓർഗാനിക് കമ്പോസ്റ്റ് മന്ത്രി പ്രകാശനം ചെയ്തു. ഡിസൈനർ പേൾ പ്രൊഡക്ഷൻ സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രസിദ്ധീകരണവും സിഫ്റ്റ് വികസിപ്പിച്ച ഉത്പന്നങ്ങളും ചടങ്ങിൽ പുറത്തിറക്കി. ഹോർട്ടികൾച്ചർ കമ്മീഷണർ പ്രഭാത് കുമാർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, സിഫ്റ്റ് ഡയറക്ടർ ഡോ ജോർജ് നൈനാൻ, ഡോ ശോഭ ജോ കിഴക്കൂടൻ പ്രസംഗിച്ചു.






