കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു

ഹൈദരാബാദ്: ഇന്ത്യയുടെ കയര്‍ വ്യവസായത്തിന് ആഗോള വിപണിയില്‍ വന്‍ മുന്നേറ്റം. കയര്‍, കയര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ 12 വര്‍ഷത്തിനിടെ 305 ശതമാനം വര്‍ധിച്ച് 2014-15ലെ 1,630.33 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,614.40 കോടി രൂപയായി ഉയര്‍ന്നു.

ലോകത്തിലെ ഏറ്റവും വലിയ കയര്‍ ഉല്‍പ്പാദക, കയറ്റുമതി രാജ്യമായ ഇന്ത്യയുടെ ഈ നേട്ടം മേഖലയിലെ വളര്‍ച്ചയും ആഗോള വിപണിയിലെ ആവശ്യകതയും വ്യക്തമാക്കുന്നതാണ്. കയറ്റുമതി വര്‍ധനയ്‌ക്കൊപ്പം ഉല്‍പ്പാദനവും തൊഴില്‍ സാധ്യതകളും വിപുലീകരിക്കപ്പെടുന്നതായും എംഎസ്എംഇ മന്ത്രാലയം അറിയിച്ചു.

കയര്‍ മേഖലയിലെ സംരംഭകത്വ വളര്‍ച്ചയും ശ്രദ്ധേയമാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ 21,000-ത്തിലധികം കയര്‍ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിലൂടെ ഏകദേശം 2.3 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും കൂടുതല്‍ സംരംഭങ്ങള്‍ ഔപചാരിക എംഎസ്എംഇ മേഖലയിലേക്ക് എത്തുകയും ചെയ്തു.

മേഖലയിലെ വിവിധ പദ്ധതികളുടെ ഭാഗമായി 68,000-ത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. പരിശീലനം നേടിയവരില്‍ 80 ശതമാനത്തിലധികവും സ്ത്രീകളാണ്. ഇത് കയര്‍ വ്യവസായത്തിലെ സ്ത്രീപങ്കാളിത്തത്തിനും തൊഴില്‍ശാക്തീകരണത്തിനും വലിയ പ്രാധാന്യം നല്‍കുന്നു.

പരമ്പരാഗത കയര്‍ വ്യവസായത്തെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. 150-ലധികം നൂതന യന്ത്രങ്ങള്‍, സാങ്കേതികവിദ്യകള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചതായി എംഎസ്എംഇ മന്ത്രാലയം അറിയിച്ചു.

കയറ്റുമതി വിപണി പ്രോത്സാഹന പദ്ധതിക്ക് കീഴില്‍ 850-ലധികം സംരംഭകര്‍ക്ക് 20 കോടി രൂപയിലധികം സാമ്പത്തിക സഹായവും ലഭ്യമാക്കി. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വിദേശ വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരശേഷി ഉയര്‍ത്താനും ഇത്തരം നടപടികള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ആഗോള കയര്‍ ഉല്‍പ്പാദനത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യയിലാണ്. ഏകദേശം 16,000 കോടി രൂപയുടെ വിറ്റുവരവുള്ള ഇന്ത്യന്‍ കയര്‍ വ്യവസായം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും നിര്‍ണായക പങ്കുവഹിക്കുന്നു.

കയര്‍ പിത്ത്, കയര്‍ നാരുകള്‍, നൂല്‍, ടഫ്റ്റഡ് മാറ്റുകള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍.

പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളോടുള്ള ആഗോള താല്‍പര്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍, കയര്‍ മേഖലയിലെ സാങ്കേതിക നവീകരണവും കയറ്റുമതി പ്രോത്സാഹനവും ഇന്ത്യയ്ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ തുറന്നേക്കും.

X
Top