
മുംബൈ: ഐടി കമ്പനി, കോഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് തങ്ങളുടെ യോഗ്യരായ 80 ശതമാനം ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് നല്‍കുന്നു. നവംബര്‍ 1 ന് വര്‍ദ്ധനവ് നിലവില്‍ വരും.
വേതന വര്‍ദ്ധനവ് പ്രകടനത്തെ അടിസ്ഥാനമാക്കിയാകുമെന്നും സീനിയര്‍ അസോസിയേറ്റ് ലെവല്‍ വരെയുള്ള ജീവനക്കാര്‍ക്ക് ബാധകമാകുമെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞവര്‍ഷം 1-5 ശതമാനമെന്ന മിതമായ തോതിലായിരുന്നു വര്‍ദ്ധനവ്.
ഇത്തവണ വേതനവര്‍ദ്ധനവ് ഉദാരമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍. മികച്ച റേറ്റിംഗുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന ഒറ്റ അക്ക വര്‍ദ്ധനവ് ലഭ്യമാകും. മറ്റ് ഐടി കമ്പനികള്‍ ജാഗ്രതയുള്ള സമീപനം സ്വീകരിക്കുന്ന സമയത്താണ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമായി.
ടിസിഎസ് അവരുടെ 2 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്‍ഫോസിസും വിപ്രോയും ഇതുവരെ വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇന്‍ഫോസിസ് ഏപ്രിലില്‍ അധിക ശമ്പളം പ്രഖ്യാപിച്ചു.