
മുംബൈ: പ്രധാന ക്ലയ്ന്റായ സാബര്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ നസ്ദാഖില്‍ 35 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് കോഫോര്‍ജ് ഓഹരികള്‍ തിരിച്ചടി നേരിട്ടു. 6 ശതമാനത്തോളം താഴ്ന്ന് 1606.08 രൂപയിലാണ് സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
കഴിഞ്ഞ നാല് ദിവസത്തില്‍ 10 ശതമാനത്തിലധികമാണ് ഓഹരി ഇടിഞ്ഞത്. എബിറ്റയും വരുമാനവും പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്നതാണ് സാബറിന്റെ ഓഹരികളെ നിക്ഷേപകര്‍ കൈവിടാന്‍ കാരണം. സാബറുമായി 13 വര്‍ഷത്തെ കരാറാണ് കോഫോര്‍ജിനുള്ളത്.
ഈ കരാര്‍ അവരുടെ ഉത്പാദന ഡെലവിറികളേയും എഐ സൊല്യൂഷന്‍ വികാസത്തേയും ശക്തിപ്പെടുത്തി. നേരത്തെ കോഫോര്‍ജ് 8 ശതമാനം വരുമാന വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 3687 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം.
എബിറ്റ മാര്‍ജിന്‍ 60 ബേസിസ് പോയിന്റുയര്‍ന്ന് 17.5 ശതമാനമായി. കഴിഞ്ഞ പാദത്തില്‍ 507 മില്യണ്‍ ഡോളറിന്റെ ഓര്‍ഡറാണ് കമ്പനി നേടിയത്. ഇത് മുന്‍വര്‍ഷത്തെ 2.1 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് വളരെ കുറവാണ്.