
കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പിയുടെ വിലവർധനയുടെ ഫലം ആസ്വദിച്ച് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്.
കേരളത്തിൽ കൂടുതലായി കൃഷിചെയ്യുന്ന റോബസ്റ്റ കാപ്പിക്ക് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും വിയറ്റ്‌നാമിലുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയാണ് അന്താരാഷ്ട്ര വിപണിയിൽ കാപ്പിവില ഉയർത്തിയത്.
കട്ടപ്പന മാർക്കറ്റിൽ കിലോഗ്രാം കണക്കിൽ റോബസ്റ്റ കാപ്പിക്കുരുവിന് 240 രൂപയും പരിപ്പിന് 450 രൂപയും വരെ ലഭിക്കുന്നുണ്ട്. ഒക്ടോബർ ആദ്യവാരം ലഭിച്ചിരുന്ന 210-410 നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ കാപ്പിക്കുരുവിന് 30 രൂപയും പരിപ്പിന് 40 രൂപയും കൂടിയിട്ടുണ്ട്.
എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഇത്രയും വില ലഭിക്കുന്നില്ലെന്ന് കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ അംഗവുമായ എം.ആർ. ഗണേഷ് പറഞ്ഞു. ആവശ്യത്തിന് ഓഫറുകൾ ലഭിക്കുന്നില്ല എന്ന പതിവ് പല്ലവിയാണ് കയറ്റുമതിക്കാർ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വില മാറ്റുന്ന കാലാവസ്ഥ
കൽമാഗി ചുഴലിക്കാറ്റ് വിയറ്റ്‌നാമിലെ വിളയെ എത്രത്തോളം ബാധിക്കുമെന്നത് കാപ്പിവിലയിൽ സ്വാധീനമുണ്ടാക്കും. കാപ്പി ഉത്പാദനത്തിൽ ഒന്നാമതുള്ള ബ്രസീലിലെ പ്രധാന കൃഷിമേഖലയിൽ വേണ്ടതിലും കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നതെന്നാണ് വിവരം.
കൂടാതെ യുഎസ്, ബ്രസീലിയൻ കാപ്പിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും അന്താരാഷ്ട്രതലത്തിൽ കാപ്പിവിലയെ സ്വാധീനിക്കുന്നുണ്ട്.





