
ആലത്തൂർ: ഓണക്കാലത്തെ വിപണി ഇടപെടലിനുശേഷം വെളിച്ചെണ്ണവില വീണ്ടും ഉയരുന്നു. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോള്‍ 495ലെത്തി. പ്രമുഖ ബ്രാൻഡുകള്‍ക്കെല്ലാം 500-നുമേല്‍ വിലയുണ്ട്.
ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളില്‍ 500 രൂപയാണ്. പൊതുവിപണിയില്‍ ലിറ്ററിന് 390 മുതല്‍ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്താണ് സപ്ലൈകോയില്‍ ലിറ്ററിന് 339 രൂപയ്ക്ക് സബ്സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമാക്കിയത്.
തേങ്ങയുടെ വില വീണ്ടും കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം. 2024 സെപ്റ്റംബറില്‍ 40-48 രൂപയേ തേങ്ങയ്ക്ക് ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞമാസം 90 രൂപയില്‍ എത്തിയശേഷം താഴേക്കുവന്നെങ്കിലും വീണ്ടും തിരിച്ചുകയറി.
ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോള്‍ മൊത്തവില 65 രൂപയും ചില്ലറ വില്പനവില 75 രൂപയുമാണ്. തേങ്ങവില ഉയരുന്നത് നാളികേര കർഷകർക്ക് ഗുണകരമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കും കർഷകർ വില്‍ക്കുന്നു.
തേങ്ങവില കൂടുംതോറും വെളിച്ചെണ്ണവിലയില്‍ 10മുതല്‍ 20വരെ രൂപ വർധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തേങ്ങയുടെ വില അല്പം കുറഞ്ഞാലും വെളിച്ചെണ്ണവിലയില്‍ കാര്യമായ മാറ്റമുണ്ടാകാറില്ല. വില കുറഞ്ഞ വെളിച്ചെണ്ണ മായം ചേർന്നതാകാമെന്ന പ്രചാരണം വന്നതോടെ വില കുറച്ച് വിറ്റിരുന്ന ബ്രാൻഡുകളുടെ വിലയും കുത്തനെ കൂട്ടി.
2024 സെപ്റ്റംബറില്‍ 260-270 രൂപയേ വെളിച്ചെണ്ണയ്ക്കുണ്ടായിരുന്നുള്ളൂ. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ കൊപ്രയ്ക്ക് ആവശ്യം കൂടും. വ്യാപാരികള്‍ വലിയതോതില്‍ കൊപ്ര സംഭരിച്ച് കൊണ്ടുപോകുന്നതാണ് ഇപ്പോള്‍ വില ഉയരാൻ കാരണം.