
കളമശേരി: മധ്യകേരളത്തിലെ കാൻസർ ചികിത്സയിൽ സുപ്രധാന വഴിത്തിരിവായി മാറുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ പുതുവർഷത്തിൽ കേരളത്തിന് സമർപ്പിക്കും.
ആശുപത്രിയുടെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്നും 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും മന്ത്രി പി രാജീവ് അറിയിച്ചു. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്.
കാൻസർ സെന്റർ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്. ആശുപത്രി വിപുലീകരണത്തിന്റെ വിവിധഘട്ടങ്ങളിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്ന് മന്ത്രി അറിയിച്ചു.
100 കിടക്കകളുമായാണ് കാൻസർ സെന്ററിന്റെ ഒന്നാംഘട്ട പ്രവർത്തനം ആരംഭിക്കുക. ഇതിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിച്ചു. അക്കാദമിക്, നോൺ – അക്കാദമിക് തസ്തികകളും ഇതിൽ ഉൾപ്പെടും.
എട്ട് പ്രൊഫസർ തസ്തികകളും 28 അസിസ്‌റ്റന്റ് പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർവരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചു.
റീജണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് തസ്തിക നിർണയം നടത്തിയത്.
കാൻസർ സെന്റർ കെട്ടിടത്തിന്റെ മുടങ്ങിക്കിടന്ന നിർമാണം 2021 നവംബറിൽ പുനരാരംഭിച്ചശേഷം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മന്ത്രി പി രാജീവ് പറഞ്ഞു.
ആശുപത്രിയിലേക്കാവശ്യമായ പ്രധാന ഉപകരണങ്ങളെല്ലാം സ്ഥാപിച്ചു. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ 11.34 കോടി ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.






