
- 2025ഓടെ 300 ഓഫീസുകളും, 2 ലക്ഷം ഉപഭോക്താക്കളും ലക്ഷ്യം
കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ചോയ്സ് ഇൻറർനാഷണൽ ഗ്രൂപ്പ് കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. നിലവിൽ 153 ഓഫീസുകളും, 76,000 ഉപഭോക്താക്കളുമാണ് കമ്പനിക്കുള്ളത്.
ഇത് രണ്ട് വർഷത്തിനുള്ളിൽ 300 ഓഫീസുകളും, 2 ലക്ഷം ഉപഭോക്താക്കളുമെന്ന നിലയിൽ എത്തിക്കാനാണ് ലക്ഷ്യം. ഗ്രൂപ്പിൻ്റെ വിവിധ സബ്സിഡയറികളിലൂടെയാകും ഈ അതിവേഗ വിപുലീകരണം.
കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബ്രോക്കറേജ് സ്ഥാപനമായ ജെആർജി സെക്യൂരിറ്റീസിനെ ഏറ്റെടുത്ത ഇൻഡിട്രേഡിനെ 2018ൽ ചോയ്സ് ഏറ്റെടുത്തിരുന്നു. ഇതോടെ കമ്പനിക്ക് കേരളത്തിൽ മികച്ച വിപണി സാന്നിദ്ധ്യമായി. ചെറുകിട, ഇടത്തരം സെമി അർബൻ പ്രദേശങ്ങളിലാണ് ചോയ്സ് കൂടുതൽ ശ്രദ്ധ പുലർത്തുക.
കേരളത്തിൽ ശാഖകൾ, ഫ്രാഞ്ചൈസികൾ, ബിസിനസ് അസോസിയേറ്റുകൾ എന്നീ സംവിധാനങ്ങൾ കമ്പനിക്കുണ്ട്. ടാക്സ് ഫയലിങ്ങും, ഫിനാൻഷ്യൽ പ്ലാനിങ്ങും അടക്കമുള്ള സേവനങ്ങൾ നിലവിലുണ്ട്.
കമ്പനിയുടെ ദേശീയ തലത്തിലും, സംസ്ഥാനത്തുമുളള വിപുലീകരണ പദ്ധതികൾ സിഇഒ അരുൺ പൊഡർ കൊച്ചിയിൽ വിശദീകരിച്ചു. വൈവിധ്യ ധനകാര്യ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്ന ചോയ്സ് ഫിനെക്സ് എന്ന ആപ്പും കമ്പനിക്കുണ്ട്.
ഓഹരി വാങ്ങാനും, മ്യൂച്ചൽ ഫണ്ടുകളിലോ, സർക്കാർ ബോണ്ടുകളിലോ, ട്രഷറിയിലോ നിക്ഷേപിക്കാൻ അപ്പ് വഴി കഴിയും.
എൻഎൻഇയിലും ബിഎസ്ഇയിലും ലിസ്റ്റഡ് ആണ് ചോയ്സ് ഇൻ്റർനാഷണൽ. ഗവൺമെൻ്റ് അഡ്വൈസറി സർവീസ്, മാനേജ്മെൻ്റ് കൺസൾട്ടിങ്ങ് രംഗത്തും കമ്പനി പ്രവർത്തിക്കുന്നു. 13 സംസ്ഥാന സർക്കാരുകൾക്ക് സേവനം ലഭ്യമാക്കുന്നുണ്ട്.
രാജ്യത്താകമാനം സാന്നിധ്യമുള്ള ഗ്രൂപ്പിന് 7 ലക്ഷം ഉപഭോക്താക്കളും പരിശീലനം നേടിയ 30,000 ബിസിനസ് അസോസിയേറ്റുമാരും ഉണ്ട്. 3750 കോടിയുടെ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.






