
സംസ്ഥാന സാമ്പത്തിക ചരിത്രത്തില്‍ ചിട്ടികള്‍ വെറുമൊരു ധനകാര്യ ഇടപാടല്ല, മറിച്ച് വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമാണ്. ബാങ്കിംഗ് സംവിധാനം ഗ്രാമങ്ങളിലേക്കും തൊഴിലാളി സമൂഹത്തിലേക്കും വ്യാപിക്കുന്നതിന് ഏറെ മുന്‍പ് ജനങ്ങള്‍ പരസ്പര സഹായത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുത്ത ധന വിനിമയ മാതൃകയായിരുന്നു ചിട്ടികള്‍. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കേരളത്തില്‍ ചിട്ടികള്‍ പ്രചാരം നേടിയത്. പ്രതിമാസം നിശ്ചിത തുക ചേര്‍ത്ത് ഒരു കൂട്ടമായി രൂപപ്പെടുത്തിയ ചിട്ടിയില്‍, ഓരോ മാസവും ലേലത്തിലൂടെ ഒരാള്‍ക്ക് ആ തുക ലഭിക്കുന്നതാണ് ഇതിന്റെ പ്രാഥമിക രൂപം. ലളിതമായ ഈ സംവിധാനത്തിലൂടെ അനേകം വീട്ടമ്മമാരും ചെറുകിട വ്യാപാരികളും കര്‍ഷകരും അവരുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കി. ഭവന നിര്‍മാണം, ചികിത്സ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ചെറുകിട സംരംഭം എന്നിങ്ങനെ ചിട്ടികള്‍ സാധാരണ ജനങ്ങളുടെ മൂലധന ഉറവിടമായി മാറി. കാലക്രമേണ, ഈ പാരമ്പര്യം ഔദ്യോഗിക സംവിധാനങ്ങളിലേക്കും കടന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) ഈ ജനകീയ ആശയത്തെ സുസ്ഥിര ധനകാര്യ സംവിധാനമാക്കി മാറ്റി. ലക്ഷക്കണക്കിന് മലയാളികള്‍ പ്രത്യക്ഷത്തിലോ പരോക്ഷമായോ ചിട്ടികളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ചിട്ടി കേരളത്തിന്റെ ധനകാര്യ ശീലത്തിന്റെയും സമ്പാദ്യ ബോധത്തിന്റെയും അടിത്തറയായി. സഹകരണമാണ് ചിട്ടിയുടെ ആത്മാവ്. വിശ്വാസം, പരസ്പര ഉത്തരവാദിത്വം, സാമൂഹിക ബന്ധം എന്നിവയും പണത്തോടൊപ്പം കൈമാറ്റം ചെയ്യപ്പെടുന്നു. കേരളത്തിന്റെ സാമൂഹ്യ വികസനത്തില്‍ ചിട്ടികള്‍ നല്‍കിയ സംഭാവന സാമ്പത്തിക രംഗത്ത് മാത്രമാണെന്ന് പറയാനാകില്ല, മനുഷ്യ ബന്ധങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നും ചിട്ടികളെ വിശേഷിപ്പിക്കാം.






