
ബെയ്‌ജിങ്: 30 വര്ഷത്തെ ചരിത്രത്തിലാദ്യമായി സാമ്പത്തിക വളര്ച്ചയുടെ കാര്യത്തില് ചൈന ഏഷ്യയിലെ മറ്റ് രാജ്യങ്ങള്ക്ക് പിന്നിലായി. സീറോ കോവിഡ് നയവും റിയല് എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയുമാണ് ചൈനയെ തളര്ത്തിയതെന്ന് വേള്ഡ് ബാങ്ക് വിലയിരുത്തുന്നു.
ചൈനയുടെ വളര്ച്ചാ അനുമാനം വേള്ഡ് ബാങ്ക് 2.8ശതമാനമായി താഴ്ത്തുകയും ചെയ്തിട്ടുണ്ട്. 4-5ശതമാനം വളര്ച്ച നേടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. 2022 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ ആനുമാനം ചൈനീസ് സര്ക്കാരും 5.5 ശതമാനമായി താഴ്ത്തിയിട്ടുണ്ട്.
ലോകത്തെ തന്നെ അതിവേഗ വളര്ച്ചയുള്ള രണ്ടാമത്തെ സമ്പദ്ഘടനയായ ചൈനയുടെ വളര്ച്ച 2021-22 വര്ഷത്തില് 8.1ശതമാനമായിരുന്നു.
അനന്തമായി നീളുന്ന കോവിഡ് നിയന്ത്രണങ്ങള് മൂലം ജനങ്ങളുടെ യാത്രകള്ക്ക് വിലക്കുണ്ട്. അതോടെ ഉപഭോഗത്തെയും കാര്യമായി ബാധിച്ചു. ജിഡിപിയുടെ 30ശതമാനത്തോളം വരുന്ന റിയല് എസ്റ്റേറ്റ് മേഖല രണ്ടുവര്ഷമായി തകര്ച്ചയിലാണ്.
എവര്ഗ്രാന്ഡെ പോലുള്ള വന് കിട നിര്മാതാക്കള് കടംതിരിച്ചടയ്ക്കുന്നതില് വീഴ്ചവരുത്തുകയും യഥാസമയം നിര്മാണം പൂര്ത്തിയാക്കി ഉപഭോക്താക്കള്ക്ക് കൈമാറുന്നതില് പരാജയപ്പെടുകയും ചെയ്തു.
കര്ശനമായ ലോക്ക്ഡൗണുകള് തുടരുന്നതിനാല് നോമുറ, ഗോള്ഡ്മാന് സാച്സ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്സികള് റേറ്റിങ് താഴ്ത്തുകയും ചെയ്തു.
ചൈനയില് പ്രതിസന്ധി തുടരുകയാണെങ്കിലും ഏഷ്യയിലെ മറ്റ് രാജ്യങ്ങള് വളര്ച്ചാ നിരക്ക് മെച്ചപ്പെടുത്തി. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പീന്സ് എന്നിവിടങ്ങളില് കോവിഡ് നിയന്ത്രണം നീങ്ങിയതോടെ ഉപഭോഗശേഷിയില് വര്ധനവുണ്ടായി.
ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് പലിശ നിരക്ക് തുടര്ച്ചയായി ഉയര്ത്തിയെങ്കിലും ചൈന നിരക്ക് ഓഗസ്റ്റില് 3.7ശതമാനത്തില് നിന്ന് 3.65ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്.






