
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾക്കിടയിലും, കരുത്തുറ്റ കയറ്റുമതിയുടെ പിൻബലത്തിൽ 2025 സാമ്പത്തിക വർഷത്തിൽ ചൈന അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തി.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനീസ് ഭരണകൂടം ലക്ഷ്യമിട്ടിരുന്ന “അഞ്ച് ശതമാനത്തിനടുത്ത്’’ എന്ന വളർച്ചാ നിരക്ക് രാജ്യം കൈവരിച്ചു. എന്നാൽ വർഷാവസാന പാദത്തിൽ സാമ്പത്തിക വളർച്ച വേഗത കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള അവസാന പാദത്തിൽ വളർച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് 2022ൽ രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ത്രൈമാസ വളർച്ചാ നിരക്കാണിത്. മൂന്നാം പാദത്തിൽ 4.8 ശതമാനമായിരുന്നു രാജ്യത്തിന്‍റെ വളർച്ച.
റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയും കോവിഡ് കാലത്തെ പ്രതിസന്ധികളും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ചൈനീസ് നേതൃത്വം തീവ്രശ്രമം നടത്തുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
ഇതോടൊപ്പം രാജ്യത്തെ ജനസംഖ്യ തുടർച്ചയായി നാലാം വർഷവും കുറഞ്ഞത് മറ്റൊരു പ്രതിസന്ധിയായി മാറുന്നു. 2025ൽ ജനിച്ച കുട്ടികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 80 ലക്ഷത്തിനു താഴെയായി ചുരുങ്ങി.
ആഭ്യന്തര ഉപഭോഗത്തിലും ബിസിനസ് നിക്ഷേപങ്ങളിലുമുണ്ടായ കുറവ് പരിഹരിക്കാൻ ചൈനയെ സഹായിച്ചത് മികച്ച കയറ്റുമതിയാണ്. അമേരിക്കയുമായുള്ള വ്യാപാരതർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിച്ചതിലൂടെ 1.2 ട്രില്യൺ ഡോളറിന്‍റെ റിക്കാർഡ് വ്യാപാര മിച്ചം നേടാൻ ചൈനയ്ക്ക് സാധിച്ചു.
ആഭ്യന്തര വിപണിയിലെ തളർച്ച കയറ്റുമതിയിലൂടെ മറികടന്നതാണ് അഞ്ചു ശതമാനം എന്ന വാർഷിക വളർച്ചാ ലക്ഷ്യത്തിലേക്ക് എത്താൻ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ തുണച്ചത്.






