
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചതിനെ തുടർന്ന് ബാരൽ കണക്കിന് ക്രൂഡ് ചൈനയിലേയ്ക്ക്. ചൈനയിലെ സ്വകാര്യ എണ്ണശുദ്ധീകരണ ശാലകളെ ആകർഷിക്കുന്നതിനായി റഷ്യയും ഇറാനും വൻ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.
ശുദ്ധീകരണ ശേഷി പരിമിതമായതിനാൽ ലക്ഷക്കണക്കിന് ബാരൽ എണ്ണയാണ് കപ്പലുകളിൽ കെട്ടിക്കിടക്കുന്നത്. യുക്രെയിൻ യുദ്ധത്തിനുള്ള പണംകണ്ടെത്താൻ റഷ്യ പാടുപെടുമ്പോൾ അമേരിക്കയുടെ ആക്രമണത്തെ ഭയന്ന് ഇറാൻ വൻതോതിൽ എണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്.
റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ വൻതോതിൽ കുറച്ചതാണ് പ്രതിസന്ധിയുടെ തുടക്കം. ജനുവരിയിലേതുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ 40 ശതമാനംവരെയാണ് കുറവുണ്ടായത്.
അതായത് പ്രതിദിനം ആറ് ലക്ഷം ബാരലിന്റെ കുറവ്. ഇന്ത്യ വാങ്ങാതായതോടെ ഈ എണ്ണ ചൈനീസ് വിപണിയിലേക്കാണ് എത്തുന്നത്. നേരത്തെതന്നെ ഇറാനിൽനിന്ന് വൻതോതിൽ എണ്ണയെത്തിയിരുന്ന ചൈനയിൽ കനത്ത മത്സരത്തിന് ഇതിടയാക്കി.
ചൈനയിലെ മൊത്തം ശുദ്ധീകരണ ശേഷിയുടെ നാലിലൊന്ന് മാത്രമാണ് സ്വകാര്യ കമ്പനികൾക്കുള്ളത്. നിലവിൽ ഈ ശേഷി പരമാവധിയിലെത്തിയിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തിരിച്ചടിയായി.
സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട റിഫൈനറികൾ ഇറാനിൽനിന്നുള്ള എണ്ണ വാങ്ങൽ നേരത്തെതന്നെ നിർത്തിവെച്ചിരിക്കുകയാണ്. റഷ്യൻ എണ്ണയുടെ കാര്യത്തിലും സമാനമായ നിലപാടാണ് സർക്കാരിനുള്ളത്.
കടലിൽ കെട്ടിക്കിടക്കുന്ന എണ്ണ
വിപണിയിൽ വിറ്റഴിക്കാൻ കഴിയാതെ ഏഷ്യയിലെ വിവധ ഭാഗങ്ങളിലായി എണ്ണ കപ്പലുകൾ നങ്കൂരമിട്ടിരിക്കുകയാണ്. 95 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. എണ്ണ വിറ്റഴിക്കാൻ കഴിയാത്തതിനാൽ റഷ്യയെ വൻതോതിൽ ഉത്പാദനം കുറച്ചിട്ടുണ്ട്.






