
ഇന്ത്യ മുഖംതിരിച്ചതോടെ ചൈനയിലേക്ക് നീങ്ങിയ റഷ്യൻ എണ്ണക്കപ്പലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ചൈനീസ് റിഫൈനറികൾ. റഷ്യ ചൈനയ്ക്ക് വമ്പൻ ഡിസ്കൗണ്ടും നൽകിത്തുടങ്ങി. ചൈന വൻതോതിൽ വാങ്ങിയിരുന്ന ഇറാന്റെ ക്രൂഡ‍് ഇനമായ ഇറാനിയൻ ലൈറ്റിന് 2025ന്റെ അവസാനപ്രകാരം ബാരലിന് 8 ഡോളറായിരുന്നു ഡിസ്കൗണ്ട്. റഷ്യൻ കപ്പലുകൾ കൊണ്ടുവന്ന യൂറൽസ് ഇനത്തിന് ചൈനയ്ക്ക് കിട്ടിയ ഡിസ്കൗണ്ട് ബാരലിന് 12 ഡോളർ വീതം.
യൂറോപ്യൻ യൂണിയനും യുഎസും റഷ്യൻ എണ്ണയ്ക്ക് ഉപരോധം കടുപ്പിച്ചതോടെയാണ് ഇന്ത്യ റഷ്യൻ എണ്ണയെ കൈവിട്ടുതുടങ്ങിയത്. റഷ്യയിൽ നിന്ന് യൂറൽസ് ഗ്രേഡ് ക്രൂഡ് ഓയിലായിരുന്നു ഇന്ത്യ കൂടുതലും വാങ്ങിയിരുന്നത്. ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യയുടെ യൂറൽസ് ഇറക്കുമതി പ്രതിദിനം 9.29 ലക്ഷം ബാരലായി കുറഞ്ഞു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. 2025ന്റെ തുടക്കത്തിൽ 12.7 ലക്ഷം വീതവും 2024ൽ 13.6 ലക്ഷം വീതവും ബാരൽ ഇന്ത്യ വാങ്ങിയിരുന്നു.
ഈ മാസത്തെ ഇറക്കുമതി കണക്കിലെടുത്താൽ നേരത്തേ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിയിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇപ്പോൾ ഇറക്കുമതി ഏറക്കുറെ അവസാനിപ്പിച്ചിട്ടുണ്ട്. ജനുവരിയിലെ ആദ്യ രണ്ടാഴ്ചപ്രകാരം 11.8 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2025ലെ ശരാശരി കണക്കിലെടുത്താൽ 30% ഇടിവ്.
ഇന്ത്യൻ ഓയിൽ, നയാര എനർജി, ബിപിസിഎൽ എന്നിവ പരിമിതമായി ഈ മാസവും റഷ്യൻ എണ്ണ വാങ്ങിയിട്ടുണ്ടെന്ന് കെപ്ലർ പറയുന്നു. നേരത്തേ യൂറൽസിന് റഷ്യ ഇന്ത്യയ്ക്ക് ബാരലിന് 2 ഡോളർ വീതം ഡിസ്കൗണ്ട് ആണ് നൽകിയിരുന്നത്. ഉപരോധ പശ്ചാത്തലത്തിൽ ഇന്ത്യയെ ഒപ്പം നിർത്താനായി ഡിസ്കൗണ്ട് 5-6 ഡോളറിലേക്ക് ഉയർത്തിയെങ്കിലും ഇറക്കുമതി കുറയുകയാണ്.
ചൈന ഇപ്പോൾ പ്രതിദിനം 4.05 ലക്ഷം ബാരൽ വീതം യൂറൽസ് ആണ് റഷ്യയിൽ നിന്ന് വാങ്ങുന്നത്. 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇറക്കുമതിയാണിത്. യൂറൽസ് വാങ്ങി സംസ്കരിച്ച് ഡീസലാക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഇന്ത്യയും റഷ്യൻ എണ്ണയുടെ മറ്റൊരു പ്രധാന ഇറക്കുമതിക്കാരായ തുർക്കിയും ചെയ്തിരുന്നത്.
നിലവിൽ, ഇന്ത്യയെ മറികടന്ന് തുർക്കി റഷ്യയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവായിട്ടുണ്ട്. ചൈന പക്ഷേ, യൂറോപ്പിലേക്ക് കാര്യമായി പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നില്ല. യുഎസ് ഇടപെടൽമൂലം വെനസ്വേലൻ എണ്ണയുടെ ഒഴുക്ക് ചൈനയിലേക്ക് ഇപ്പോൾ കാര്യമായില്ല. ഈ സാചഹര്യത്തിലുമാണ് ചൈന റഷ്യൻ എണ്ണ വാങ്ങുന്നത് കൂട്ടിത്തുടങ്ങിയത്.






