
കോയമ്പത്തൂർ: നാമക്കലിൽ കോഴിമുട്ട വില കുത്തനെ കുറയുന്നു. ജനുവരി ഒന്നിന് റെക്കോഡ് വിലയായ 6.40 രൂപയിലെത്തിയത് ചൊവ്വാഴ്ച അഞ്ചു രൂപയായി കുറഞ്ഞു. 20 ദിവസത്തിനിടെ ഒരു രൂപ 40 പൈസയാണ് കുറഞ്ഞത്. ഉത്പാദനം കൂടിയതും തൈപ്പൂയം ആഘോഷവും മൂലം വരുംദിവസങ്ങളിൽ ഇനിയും വില കുറയുമെന്നാണ് പറയുന്നത്. 6.50 രൂപയാണ് കടകളിലെ ചില്ലറവിൽപ്പന വില.
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദന കേന്ദ്രമായ നാമക്കലിൽ ചരിത്രത്തിലെ ഏറ്റവുമുയർന്ന വില വന്നത് ഡിസംബറിലാണ്. ഡിസംബർ ആദ്യം വില ആറു രൂപയിലെത്തി. പിന്നീട് ഓരോ ദിവസവും വില കൂടുകയായിരുന്നു.
ക്രിസ്‌മസും പുതുവർഷവും കണക്കിലെടുത്ത് കേക്ക് നിർമാണത്തിന് വൻതോതിൽ ഓർഡറുകൾ വന്നതോടെ മുട്ടവില 6.40 രൂപയിലെത്തി. ഇത് നാമക്കലിന്റെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയായിരുന്നു. ജനുവരി നാലുവരെ ഇതേവില തുടർന്നു.
എന്നാൽ പിന്നീട് വില കുറയുന്നതാണ് കണ്ടത്. ജനുവരി അഞ്ചിന് 20 പൈസ കുറഞ്ഞു. തുടർന്നുള്ള എല്ലാ ദിവസവും വില കുറഞ്ഞുവന്നു. ജനുവരി 18-ന് ഒറ്റദിവസം 30 പൈസ കുറഞ്ഞ് 5.30 രൂപയിലെത്തി. ചൊവ്വാഴ്ച വില അഞ്ചു രൂപയായി.
വില കുത്തനെ കുറഞ്ഞെങ്കിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. 2025 ജനുവരി 20-ന് 4.80 രൂപയായിരുന്നു. ഇത്തവണ അഞ്ചുരൂപയും. തൈപ്പൂയം ആഘോഷത്തിന്റെ വേളകളിൽ തമിഴ്‌നാട്ടിൽ മുട്ടയുടെ ഉപയോഗം ഗണ്യമായി കുറയുക പതിവാണ്. ഇത്തവണ ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയം.






