
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2024ൽ ഐ.പി.എല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ (ഏകദേശം 1,34,858 കോടി രൂപ) ആയിരുന്നുവെന്ന് അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് Houlihan Lokey റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ സഹസ്ര കോടികൾ ഒഴുകുന്ന ക്രിക്കറ്റ് മാമാങ്കത്തിലെ ഏറ്റവും മൂല്യമേറിയ ടീം ചെന്നൈ സൂപ്പർ കിങ്സാണ്.
വലിയ തുകയ്ക്കാണ് ഐ.പി.എൽ സംപ്രേക്ഷണാവകാശങ്ങൾ വിറ്റു പോയത്. വൻകിട കമ്പനികൾ തങ്ങളുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതിൽ ഐ.പി.എല്ലിന് വലിയ പ്രാധാന്യം നൽകുന്നത് ഇതിനൊരു കാരണമാണ്.
ഇന്ന് ഐ.പി.എൽ എന്നത് ഇന്ത്യയിൽ പരക്കെ പ്രചാരത്തിലുള്ള ഒരു നാമമായി മാറിയിരിക്കുന്നതായി കോർപറേറ്റ് വാല്യുവേഷൻ അഡ്വൈസറി സർവീസ് സീനിയർ വൈസ് പ്രസിഡന്റ് ഹർഷ് ടലികോടി പറഞ്ഞു.
വിവിധ തലമുറകളുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ബ്രാൻഡുകൾ സുപരിചിതമായി മാറുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിലയിരുത്തുന്നു.
നിയമപരമായ ഒരു ബിസിനസ് എന്റിറ്റി എന്ന നിലയിലും, ഒരു ബ്രാൻഡ് എന്ന നിലയിലും ഐ.പി.എൽ പരിഗണിക്കപ്പെടുന്നു. റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്സ് ആണ് ഏറ്റവും മൂല്യമുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി.
അതേ സമയം വാർഷികാടിസ്ഥാനത്തിൽ ഉള്ള വളർച്ചയിൽ (Year-on-year growth) ഏറ്റവും മുമ്പിലുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഫ്രാഞ്ചൈസികളുടെ വരുമാനത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ടെലിവിഷൻ സംപ്രേക്ഷണ അവകാശത്തിൽ നിന്നാണ് ഇത്തരത്തിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കുന്നത്.
ഓരോ ടീമും 5 മുതൽ 12 മില്യൺ ഡോളർ വരെ സ്പോൺസർഷിപ്പ് വരുമാനവും നേടുന്നുണ്ട്. ഇത്തരത്തിൽ ഖത്തർ എയർവെയ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവുമായി ഏകദേശം 75 കോടി രൂപയുടെ മൂന്നു വർഷ കരാറിൽ ഏർപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.
ബ്രാൻഡ്-ബിസിനസ് മൂല്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ്. 227 മില്യൺ ഡോളറാണ് മൂല്യം. മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന്റെ മൂല്യം 204 മില്യൺ ഡോളറാണ്.
മറ്റ് ടീമുകളുടെ ബ്രാൻഡ് മൂല്യമാണ് താഴെ നൽകുന്നത്.
- രാജസ്ഥാൻ റോയൽസ് : 133 മില്യൺ ഡോളർ
- സൺറൈസേഴ്സ് ഹൈദരാബാദ് : 132 മില്യൺ ഡോളർ
- ഡൽഹി ക്യാപിറ്റൽസ് : 131 മില്യൺ ഡോളർ
- ഗുജറാത്ത് ടൈറ്റൻസ് : 124 മില്യൺ ഡോളർ
- പഞ്ചാബ് കിങ്സ് : 101 മില്യൺ ഡോളർ
- ലഖ്നൗ സൂപ്പർ ജയന്റ്സ് : 91 മില്യൺ ഡോളർ




