
- ഗോപാൽ വിറ്റൽ എക്സിക്യൂട്ടീവ് വൈസ് ചെയർമാനാകും
- ശാശ്വത് ശർമ പുതിയ എം ഡി & സി ഇ ഒ
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലിന്റെ നേതൃനിരയിൽ വൻ മാറ്റം. നിലവിലെ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ 2026 ജനുവരി ഒന്നിന് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി ചുമതലയേൽക്കും. ശാശ്വത് ശർമ പുതിയ എംഡിയും സിഇഒയുമായി സ്ഥാനമേൽക്കും.
നേതൃമാറ്റത്തിന്റെ ഭാഗമായി 2024 ഒക്ടോബറില്‍ മാനേജിങ് ഡയറക്ടറുടെ പദവി കൂടാതെ ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനായും ഗോപാൽ വിറ്റലിനെ നിയമിച്ചിരുന്നു. കമ്പനിയുടെ സുഗമമായ ഭരണമാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടികൾ.
പുതിയ പദവിയിൽ എയർടെലിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മൊത്തത്തിലുള്ള മേൽനോട്ടം ഗോപാൽ വിറ്റലിനായിരിക്കും. കമ്പനികളുടെ മേൽനോട്ടത്തിന് പുറമെ ഡിജിറ്റൽ-സാങ്കേതികവിദ്യ, നെറ്റ്‌വർക്ക് സ്ട്രാറ്റജി, സംഭരണം, മാനവവിഭവശേഷി എന്നീ മേഖലകളിൽ ഗ്രൂപ്പ് തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഗോപാൽ വിറ്റൽ നേതൃത്വം നൽകും.
സൗമെൻ റേ: നിലവിലെ ഇന്ത്യ സിഎഫ്ഒ (CFO), ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ഉയർത്തപ്പെട്ടു.
അഖിൽ ഗാർഗ്: നിലവിലെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളർ , ഭാർതി എയർടെൽ ഇന്ത്യയുടെ പുതിയ സിഎഫ്ഒ ആയി നിയമിതനായി.
രോഹിത് പുരി: നിലവിലെ ജോയിന്റ് കമ്പനി സെക്രട്ടറി & കംപ്ലയിന്‍സ് ഓഫീസർ കമ്പനി സെക്രട്ടറി ആൻഡ് കംപ്ലയൻസ് ഓഫീസറായി ചുമതലയേൽക്കും.
കഴിഞ്ഞ 13 വർഷമായി ഗോപാൽ വിറ്റലിന്റെ നേതൃത്വത്തിൽ എയർടെൽ കൈവരിച്ച നേട്ടങ്ങളെ ചെയർമാൻ പ്രശംസിച്ചു. പുതിയ മാറ്റങ്ങൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.






