
ന്യൂഡൽഹി: ചീമേനി ആണവനിലയത്തിനായി കേരളം മുന്നോട്ടുവന്നാൽ ഒന്നിച്ചുപ്രവർത്തിക്കാൻ സന്തോഷമേയുള്ളൂവെന്ന് കേന്ദ്ര ഊർജമന്ത്രാലയം സെക്രട്ടറി പങ്കജ് അഗർവാൾ.
ചീമേനിക്കായുള്ള അനുമതി അപേക്ഷ കേരളത്തിന് നൽകിയിട്ടുണ്ടെന്നും സമ്മതം മതിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ വിളിച്ച പത്രസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
കേരളത്തിൽ കാപ്പെക്സ് മാതൃകയിൽ (ഉപഭോക്താവിൽനിന്ന് പണം വാങ്ങി നേരിട്ട് മീറ്റർ ഘടിപ്പിക്കുന്ന രീതി) കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുമെന്നറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
കെഎസ്ഇബി മീറ്ററിനുള്ള തുക മുഴുവനായി കണ്ടെത്തിയാണിത് സ്ഥാപിക്കുക. ഏതുതരത്തിലാണെന്നത് സംബന്ധിച്ച വിശദവിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വേഗത്തിൽ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജോപഭോഗം 18 ശതമാനത്തോളം കുറയ്ക്കാൻ വേണ്ടി 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ സുസ്ഥിര കെട്ടിടനിയമം വിജ്ഞാപനംചെയ്ത ആദ്യസംസ്ഥാനം കേരളമാണെന്ന് ഊർജമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. കേരളമടക്കം 26 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
13 സംസ്ഥാനങ്ങൾ കെട്ടിടനിയമങ്ങളിലും ഉൾപ്പെടുത്തി. 3500-ലധികം കെട്ടിടങ്ങൾ രാജ്യത്ത് ഊർജസംരക്ഷണനിയമപ്രകാരം പ്രവർത്തനം തുടങ്ങി. കഴിഞ്ഞ രണ്ടുമാസമായി രാജ്യത്ത് വൈദ്യുതിക്ഷാമം ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2024-25 സാമ്പത്തിക വർഷത്തിൽ വൈദ്യുതിക്കമ്മി 0.1 ശതമാനമായിരുന്നു. വൈദ്യുതി ആവശ്യകത കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
2024-25 കാലയളവിൽ ഉയർന്ന ഉത്പാദനശേഷിയായ 34 ജിഗാവാട്ട് കൂട്ടിച്ചേർത്തു. ഇതിൽ പുനരുപയോഗ ഊർജം 29.5 ജിഗാവാട്ട് വരും. ബാറ്ററിയിൽ വൈദ്യുതി സംഭരിച്ചുവെക്കുന്നതിന് 30 ജിഗാവാട്ട് വിജിഎഫ് പദ്ധതി തുടങ്ങി.
പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കും. ആദ്യം സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങളിലും ഇത് നൽകുമെന്നും മന്ത്രി അറിയിച്ചു.






