അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബാങ്കിംഗ് രംഗത്ത് വൻ പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ വമ്പിച്ച പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുന്നു. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകളുടെ ഓഹരി ഘടനയില്‍ മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ പൊതുമേഖല ബാങ്കുകളില്‍ 20 ശതമാനമാണ് അനുവദനീയ വിദേശ നിക്ഷേപം. ഈ പരിധി മാറ്റാനാണ് ഒരുങ്ങുന്നത്. മാറിയ കാലത്ത് സാമ്പത്തിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

ബാങ്കിംഗ് രംഗത്ത് വന്‍കിട വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. അതേസമയം, പൊതുമേഖല ബാങ്കുകളിലെ കേന്ദ്ര വിഹിതം 51 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. പൊതുമേഖല സ്ഥാപനങ്ങളുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരാതിരിക്കാന്‍ വേണ്ടിയാണിത്.

നിലവില്‍ 20 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കുമെങ്കിലും 10 ശതമാനത്തിന് മാത്രമാണ് വോട്ടിംഗ് അവകാശമുള്ളത്. പുതിയ പരിധി എത്ര വരെയാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അധികം വൈകാതെ കേന്ദ്രത്തിന്റെ പ്രഖ്യാപനം വരുമെന്നാണ് സൂചന.

ബോര്‍ഡിന്റെ സ്വയംഭരണത്തിലോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ വിട്ടുവീഴ്ച ചെയ്യാതെ നിയമങ്ങളില്‍ ഇളവ് വരുത്താനുള്ള വഴികള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമാണ്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ നടന്ന പിഎസ്ബി മന്ദന്‍ 2025ല്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. 2047 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ബാങ്കുകളുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളെ എത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

പൊതുമേഖല ബാങ്കുകളുടെ ലയനവും കേന്ദ്രത്തിന്റെ മുന്നിലുണ്ട്. കൂടുതല്‍ ബാങ്കുകളെ ലയിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ വിശാലമാക്കാനാണ് പദ്ധതി. രാജ്യത്തെ മുന്‍നിര ബാങ്കായ എസ്ബിഐയില്‍ നിലവില്‍ 10 ശതമാനം വിദേശ നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പൊതുമേഖല ബാങ്കുകളുടെ ലാഭം 1.78 ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷത്തെ 1.04 ലക്ഷം കോടിയില്‍ നിന്നാണ് വര്‍ധന.

എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍.

X
Top